ഓലപ്പന്തലും ഈന്തും പട്ടയും സാരിയും കൊണ്ട് അലങ്കരിച്ച പയറ്റ് കട, പണംപയറ്റി ചായ കുടിച്ച് മടങ്ങാം; പഴമയുടെ പ്രൗഢിയോടെ പണം പയറ്റിനെ തിരികെ കൊണ്ടുവരാന്‍ പള്ളിക്കരയിലെ പയറ്റ് കൂട്ടായ്മ


Advertisement

തിക്കോടി: പെട്ടെന്ന് അത്യാവശ്യം വലിയൊരു തുക ആവശ്യം വന്നാല്‍ എന്ത് ചെയ്യും? ഏതെങ്കിലും സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നോ മറ്റോ പേഴ്‌സണല്‍ ലോണെടുക്കും, അല്ലേ. പിന്നെയതും പലിശയും തിരച്ചടക്കാനാവാതെ കടത്തിലാവുകയും ചെയ്യും. എന്നാല്‍ പള്ളിക്കരയില്‍ ഇനി മറ്റൊരു വഴിയുണ്ട്, പണ്ടുള്ളവര്‍ പരീക്ഷിച്ച് വിജയിച്ച കാര്യം തന്നെ, അന്യം നിന്നുപോയ പണപ്പയറ്റ് പുതുതലമുറകളിലേക്ക് കൂടി വ്യാപിക്കുകയെന്നതാണ് ഇവിടെ പ്രാവര്‍ത്തികമാക്കുന്നത്.

Advertisement

ഇതിനായി പള്ളിക്കര പുളിയുള്ളതില്‍ മുക്ക് നിവാസികള്‍ പയറ്റ് കൂട്ടായ്മ രൂപീകരിച്ചിരിക്കുകയാണ്. നൂറോളം പേരാണ് കൂട്ടായ്മയിലുള്ളത്. ആദ്യ പയററ് ഇന്നലെ നടന്നു. വൈകുന്നേരം നാലുമണിമുതല്‍ പത്തുമണിവരെയായിരുന്നു പയറ്റ്.

Advertisement

ഒരു കാലത്ത് കല്ല്യാണ ആവിശ്യങ്ങള്‍ക്കും സ്ഥലം വാങ്ങുന്നതിനും വീട് നിര്‍മ്മാണത്തിനും മറ്റും സാമ്പത്തിക പ്രയാസങ്ങള്‍ വരുന്ന സമയത്ത് സാമ്പത്തികം കണ്ടെത്തിയിരുന്ത് പയറ്റ് നടത്തിയായിരുന്നു. കത്ത് അടിച്ച് പരിചയക്കാര്‍ക്കും ബന്ധുക്കള്‍ക്കും വിതരണം ചെയ്തും. ഓരോരുത്തര്‍ക്കും കഴിയുന്ന തുക പയറ്റാം. അവര്‍ പയറ്റ് കഴിക്കുമ്പോള്‍ ഈ തുകയും ഒപ്പം അയാളുടെ പങ്കും ചേര്‍ത്തു നല്‍കും. ഇതായിരുന്നു രീതി.

Advertisement

ഓലപന്തലും ഈന്തും പട്ടയും സാരി കൊണ്ടുള്ള അലങ്കാരവും പഴയ കാല ഗാനങ്ങളും ഒക്കെയായി ഒരു കുഞ്ഞ് കല്ല്യാണം പോലെയാണ് പയറ്റ് നടത്തുന്നത്. പഴമയുടെ പ്രൗഢി നിലനിര്‍ത്തിക്കൊണ്ടുതന്നെയായിരുന്നു പള്ളിക്കരയിലും പയറ്റ് നടന്നത്. അനൂപ് കോഴിപ്പുറമാണ് ആദ്യമായി പയറ്റു കഴിച്ചത്. മാസം മൂന്നുപയറ്റുകളാണ് കൂട്ടായ്മ നടത്തുക. ഏഴ്, പതിനേഴ്, ഇരുപത്തിയേഴ് തിയ്യതികളില്‍ പയറ്റ് നടക്കും. അഞ്ഞൂറ് രൂപയാണ് മിനിമം പയറ്റാവുന്ന തുക. ഇതിന് മുകളില്‍ ഓരോരുത്തരുടെയും കഴിവ് അനുസരിച്ച് എത്ര തുകവേണമെങ്കിലും പയറ്റാം.

പുളിയുള്ളതില്‍ പള്ളിക്ക് സമീപം പ്രദേശത്ത് നടത്തിയ പരിപാടി പ്രദേശവാസികള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. പരിപാടി ടി.പി.കുഞ്ഞിമൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.വിജോയ് അധ്യക്ഷത വഹിച്ചു. പറാണ്ടി രമേശന്‍, പൂഴിപ്പുറത്ത് ഗണേഷന്‍, അനൂപ് കോഴിപ്പുറം, പി മൂസ്സ, റഹീസ്.സി, വിനോദന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രദേശവാസികള്‍ പരിപാടിക്ക് നേതൃത്വം നല്‍കി.