‘മുന്നണി രാഷ്ട്രീയത്തിന് തുടക്കമിട്ട ബാഫഖി തങ്ങളാണ് ശരിയെന്ന് കാലം തെളിയിച്ചു’; കൊയിലാണ്ടിയില്‍ ബാഫഖി തങ്ങള്‍ ദേശീയ സെമിനാറില്‍ പാണക്കാട് സാദിഖ് അലി തങ്ങള്‍


കൊയിലാണ്ടി: രാജ്യത്ത് മുന്നണി രാഷ്ട്രീയത്തിന് തുടക്കം കുറിച്ച നേതാവായിരുന്നു സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ അനുസ്മരിച്ചു.

കൊയിലാണ്ടി ടൗണ്‍ ഹാളില്‍ ചന്ദ്രിക പത്രത്തിന്റെ 90-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ബാഫഖി തങ്ങള്‍ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഗ്ഗീയതയ്‌ക്കെതിരെ പോരാടാനും മതേതരത്വം നിലനിര്‍ത്താനും വേണ്ടി ത്യാഗോജ്ജ്വലമായ നേതൃത്വം നല്‍കിയ ബാഫഖി തങ്ങളുടെ കാഴ്ചപ്പാടാണ് ഇന്ന് ഇന്ത്യയ്ക്ക് വേണ്ടതെന്നും, ഇന്ത്യയിലെ ഫാഷിസ്റ്റ് ശക്തിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ കക്ഷികള്‍ ഒരു മുന്നണിയായി നിന്ന് കൊണ്ട് രാജ്യത്തെ രക്ഷപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് എം.എ.റസാഖ് മാസ്റ്റര്‍ അധ്യക്ഷനായി. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലികുട്ടി, ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍, പി.കെ.കെ.ബാവ, ഡോ.എം.കെ.മുനീര്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, സി.പി.ജോണ്‍, സിദ്ധീഖ് കാപ്പന്‍, സി.പി.സൈതലവി, എം.സി. മായിന്‍ ഹാജി, സി.പി.ചെറിയ മുഹമ്മദ്, ഉമ്മര്‍ പാണ്ടികശാല, പാറക്കല്‍ അബ്ദുള്ള, കമാല്‍ വരദൂര്‍, ലുഖ്മാന്‍ മമ്പാട്, പി.കുല്‍സു, നൂര്‍ബിന റഷീദ്, വി.പി.ഇബ്രാഹിംകുട്ടി, മുനീബ് ഹസ്സന്‍, സി.ഹനീഫ എന്നിവര്‍ സംസാരിച്ചു.