സമയപരിധി നീട്ടിയില്ല, പാന്‍-ആധാര്‍ കാര്‍ഡ് ഇതുവരെ ലിങ്ക് ചെയ്തില്ലേ? സംഭവിക്കാന്‍ പോകുന്നത് ഇതാണ്


ന്യൂഡല്‍ഹി: ആധാര്‍ – പാന്‍ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി ജൂണ്‍ മുപ്പതിന് അവസാനിച്ചു. സമയപരിധി നീട്ടിയതായി ഇതുവരെ അറിയിപ്പൊന്നും വന്നിട്ടില്ല. ജൂലൈ 1 മുതല്‍ ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാ പാന്‍ കാര്‍ഡുകളും പ്രവര്‍ത്തന രഹിതമാകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് അറിയിച്ചിട്ടുണ്ട്. ഇത് മാത്രമല്ല, ആദായ നികുതി വകുപ്പ് പറയുന്നതനുസരിച്ച് പൗരന്മാര്‍ അവരുടെ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പിഴയും അടയ്ക്കണം.

ആധാര്‍ പാന്‍കാര്‍ഡുമായി ലിങ്ക് ചെയ്തില്ലെങ്കില്‍, ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുക, ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുക, അല്ലെങ്കില്‍ സെക്യൂരിറ്റികളില്‍ നിക്ഷേപിക്കുക തുടങ്ങിയ സാമ്പത്തിക ഇടപാടുകള്‍ക്ക് നിങ്ങളുടെ പാന്‍ ഉപയോഗിക്കാന്‍ കഴിയില്ല.. ഇത് മാത്രമല്ല ആധാറും പാനും ലിങ്ക് ചെയ്തില്ലെങ്കില്‍ താഴെ പറയുന്നതുപോലുള്ള നിരവധി പ്രത്യാഘാതങ്ങള്‍ ഉണ്ടാകും.

1. പ്രവര്‍ത്തനരഹിതമായ പാന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയില്ല

2. തീര്‍പ്പാക്കാത്ത റിട്ടേണുകള്‍ പ്രോസസ്സ് ചെയ്യില്ല

3. പ്രവര്‍ത്തനരഹിതമായ പാന്‍ കാര്‍ഡുകള്‍ക്ക് തീര്‍പ്പാക്കാത്ത റീഫണ്ടുകള്‍ നല്‍കാനാവില്ല

4. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോഴുള്ള തെറ്റുകള്‍ പോലെ തീര്‍പ്പുകല്‍പ്പിക്കാത്ത നടപടികള്‍ പാന്‍ പ്രവര്‍ത്തനരഹിതമായാല്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല

5. പാന്‍ പ്രവര്‍ത്തനരഹിതമാകുന്നതിനാല്‍ ഉയര്‍ന്ന നിരക്കില്‍ നികുതി കുറയ്‌ക്കേണ്ടി വരും.