പിഷാരികാവ് ക്ഷേത്രത്തിൽ കാഴ്ച ശീവേലക്കിടെ സുന്ദര കാഴ്ച; കിടപ്പ് രോഗികളുമായി ഉത്സവത്തിനെത്തി ആനക്കുളത്തെ സുരക്ഷ പാലിയേറ്റിവ്, ഹൃദ്യം
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രോത്സവം കാണാൻ പാലിയേറ്റിവ് രോഗികളെത്തി. ചെറിയ വിളക്ക് ദിനത്തിൽ വൈകുന്നേരത്തെ പാണ്ടിമേളത്തോടെയുള്ള കാഴ്ച ശീവേലി കാണാനാണ് ഇവർ എത്തിയത്. കൊയിലാണ്ടി ആനക്കുളത്തെ സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റിവിൻ്റെ പരിചരണത്തിലുള്ളവരാണ് ഉത്സവം കാണാൻ എത്തിയത്.
അസുഖങ്ങളാലും വാർദ്ധക്യ സഹജമായ പ്രയാസങ്ങളാലും വീടിൻ്റെ അകത്തളങ്ങളിൽ ഒതുങ്ങിപ്പോയവർക്ക് ഉത്സവം കാണാനുള്ള അവസരം ഉണ്ടായപ്പോൾ സന്തോഷത്തോടെയാണ് ഏവരും എത്തിച്ചേർന്നത്. 28 ഓളം കിടപ്പ് രോഗികളും പ്രത്യേക വാഹനത്തിൽ വീൽചെയർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയാണ് ക്ഷേത്രത്തിൽ എത്തിച്ചത്. കഴിഞ്ഞ വർഷവും സുരക്ഷയുടെ നേതൃത്വത്തിൽ കിടപ്പ് രോഗികളെ ക്ഷേത്രത്തിൽ എത്തിച്ചിരുന്നു.
മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് കമ്മീഷണർ പ്രമോദ്, ട്രസ്റ്റി ബോർഡ് മെമ്പർമാർ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. കെ.ടി.സിജേഷ്, എ.പി.സുധീഷ്, വി. ബാലകൃഷ്ണൻ, സി.ടി. ബിന്ദു, എൻ.പി. വിശ്വനാഥൻ, വി. രമേശൻ മാസ്റ്റർ, ഗിരീഷ് ബാബു എം.അജിത,എ.മണി,ജിഷ,രശ്മി.വി എന്നിവർ നേതൃത്വം നൽകി.