ഒടുവിലായി അവൻ നാട്ടിലെത്തി, പ്രിയപ്പെട്ടവരോട് അവസാന യാത്ര ചൊല്ലാൻ; ബഹ്റൈനിൽ മരിച്ച പാലക്കുളം സ്വദേശി ജാഫറിന്റെ മൃതദേഹം ജന്മനാട്ടിൽ എത്തിച്ചു



കൊയിലാണ്ടി: വീണ്ടും കാണാം എന്ന് പറഞ്ഞ് യാത്രയായ ആൾ നിശ്ചലനായി തിരികെ എത്തുമെന്ന് അരുമറിഞ്ഞില്ല. ഒടുവിലായി ഉപ്പയെ കാണാൻ കൊതിച്ച കുരുന്നുകളും ആ കാഴ്ച കണ്ട് ഹൃദയം നുറുങ്ങുന്നത് കണ്ടു നില്ക്കാൻ ആർക്കും ആയില്ല. എങ്ങനെ ആശ്വസിപ്പാക്കണമെന്നറിയാതെ ബന്ധുക്കളും സുഹൃത്തുക്കളും കുഴങ്ങി. ബഹ്റൈനിൽ മരിച്ച ജാഫറിന്റെ മൃതദേഹം പാലക്കുളത്തെ വീട്ടിലെത്തിച്ചു.

ബുധനാഴ്ചയാണ് പാലക്കുളം ഗോപാലപുരം സ്കുളിന്റെ സമീപം വലിയ വീട്ടിൽ ജാഫർ ബഹ്റൈനിൽ അന്തരിച്ചത്. നാല്പത്തിരണ്ട്‍ വയസ്സായിരുന്നു. പെട്ടെന്ന് രക്തം ശർദ്ധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ബഹ്റൈൻ സർമാനിയ ഹോസ്പ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള പേപ്പർ വർക്കുകൾ ഉടനെ തന്നെ ആരംഭിക്കുകയും ഇന്നലെ രാത്രിയോടെ നാട്ടിലേക്ക് കയറ്റി വിടുകയുമായിരുന്നു.

നാട്ടിലും എല്ലാ കാര്യത്തിനും മുൻപന്തിയിൽ നിന്നതിനാൽ നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു ജാഫർ. ജാഫറിന്റെ വിയോഗം ഏറെ ഞെട്ടലോടെയാണ് നാട്ടുകാർ കേട്ടത്. ഇന്ന് രാവിലെ എട്ടരയോടെ മൃതദേഹം കരിപ്പൂർ വിമാനത്താവളത്തിലെത്തുകയും നാട്ടിലേക്ക് തിരിക്കുകയും ചെയ്തു. പത്ത് മണി കഴിഞ്ഞതോടെ മൃതദേഹം പാലകുളത്തെ വീട്ടിലെത്തിച്ചു.

പതിനൊന്നു മണിയോടെ മൃതദേഹം മുചുകുന്ന് ജുമാമസ്ജിദിൽ ഖബറടക്കും. നാട്ടുകാരുടെയും കൂട്ടുകാരുടെയും ഏറെ പ്രിയപ്പെട്ടവനായിരുന്ന ജാഫറിന്റെ വിയോഗം ഇനിയും ആർക്കും ഉൾക്കൊള്ളാനായിട്ടില്ല.

ഇബ്രാഹിമിന്റെയും കുഞ്ഞാമിനയുടെയും മകനാണ്. ജസ്റീലയാണ് ഭാര്യ. മക്കൾ: ഹിഷാം, ഹിഷൽ. സഹോദരങ്ങൾ: ഷംസു, അനസ്, ആയിശ, റഹ്മത്ത്.