ചോറോട് നിന്നും യാത്രതിരിച്ചത് അരങ്ങാടത്തെ ബന്ധുവീട്ടിലേക്ക്, പാലക്കുളത്തുവെച്ച് കാറിന്റെ ടയര്‍ പഞ്ചറായത് വിനയായി; മകനെ അവസാനമായി കാണാന്‍ വിദേശത്തുള്ള ഉപ്പ നാട്ടിലെത്തും, മുഹമ്മദ് ഇഷാന്റെ സംസ്‌കാരം നാളെ
കൊയിലാണ്ടി: പാലക്കുളത്തുവെച്ച് രണ്ടുവയസുകാരന്‍ മുഹമ്മദ് ഇഷാന്റെ ജീവനെടുത്ത അപകടം ബന്ധുക്കളെ സംബന്ധിച്ച് ഇപ്പോഴും അവിശ്വസനീയമാണ്. റോഡരികില്‍ നിര്‍ത്തിയിട്ട കാറിന് അരികില്‍ നില്‍ക്കുമ്പോള്‍ വാഹനം ഇടിക്കുകയെന്നത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മുഹമ്മദ് ഇഷാന്റെ ഉപ്പ വിദേശത്ത് ജോലി ചെയ്യുകയാണ്. മകന്റെ അപ്രതീക്ഷിത വിയോഗം അദ്ദേഹത്തിന് താങ്ങാനാവുന്നതിനും അപ്പുറമാണ്.
ചോറോട്ടെ വീട്ടില്‍ നിന്നും അരങ്ങാടത്തെ ബന്ധുവീട്ടിലേക്ക് വന്നതായിരുന്നു മുഹമ്മദ് ഇഷാനും കുടുംബവും. പാലക്കുളത്ത് എത്തിയപ്പോള്‍ കാറിന്റെ ടയര്‍ പഞ്ചറായി. ഇതോടെ വാഹനം റോഡില്‍ നിന്നും അല്പം മാറ്റിനിര്‍ത്തിയിട്ട് ബന്ധുവിനെ വിളിച്ച് കാത്തിരിക്കുകയായിരുന്നു.
ബന്ധു എത്തി ടയര്‍മാറ്റിക്കൊണ്ടിരിക്കുന്നതിനിടെയാണ് അമിതവേഗത്തില്‍ ലോറിയെത്തിയത്. ടയര്‍മാറ്റുന്നതിലായിരുന്നു കുട്ടികള്‍ അടക്കമുള്ളവരുടെ ശ്രദ്ധ. നാലഞ്ച് സെക്കന്റിനുള്ളില്‍ എല്ലാം സംഭവിച്ചിരുന്നു.
മുഹമ്മദ് ഇഷാന്റെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങിയിരുന്നു. മുഹമ്മദ് ഇഷാന് പുറമേ ജുമൈമിയ (37), സെഫീര്‍ (45), ഫാത്തിമ (17), സൈഫ് (14), ഫാത്തിമ ഇസ (6) എന്നിവര്‍ക്കും അപകടത്തില്‍ സാരമായ പരിക്ക് പറ്റിയിരുന്നു. ലോറിയുടെ അടിയില്‍ കുടങ്ങിയവരെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. അപകടത്തില്‍ ലോറി ജീവനക്കാരനും പരിക്കേറ്റിരുന്നു.
റഷീദ് ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് നാളെ പുലര്‍ച്ചെ എത്തും. അതിനുശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.