ചെടിച്ചട്ടികള്‍ തകര്‍ത്തു, ചുറ്റുമതിലിലെ ചിത്രങ്ങളില്‍ ചെളി വാരിത്തേച്ച് വൃത്തികേടാക്കി; വന്മുഖം കോടിക്കല്‍ എ.എം.യു.പി സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം
കൊയിലാണ്ടി: വന്മുഖം കോടിക്കല്‍ എ.എം.യു.പി സ്‌കൂളില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. സ്‌കൂളിന്റെ ചുറ്റുമതിലില്‍ വരച്ചിരുന്ന മനോഹരമായ ചിത്രങ്ങളില്‍ ചെളി വാരിത്തേച്ച് വൃത്തികേടാക്കുകയും ചെടിച്ചട്ടികള്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയതായി പ്രധാനാധ്യാപകന്‍ ഹാഷിം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
പ്രവേശനോത്സവത്തിന്റെ ഭാഗമായാണ് കോടിക്കല്‍ സ്‌കൂളിന്റെ ചുറ്റുമതില്‍ നവീകരിച്ചത്. സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ് കുട്ടികള്‍ക്ക് ആകര്‍ഷകമായ തരത്തില്‍ മതിലില്‍ ചിത്രങ്ങള്‍ ഒരുക്കിയത്. കേരളത്തിന്റെ സാംസ്‌കാരിക കലകളാണ് മതിലില്‍ വരച്ചിരുന്നത്.
വെള്ളിയാഴ്ച വൈകീട്ട് സ്‌കൂളില്‍ നിന്ന് കുട്ടികളും അധ്യാപകരും ജീവനക്കാരും പോകുന്നത് വരെ മതിലിലെ ചിത്രങ്ങള്‍ക്ക് യാതൊരു കുഴപ്പവുമില്ലായിരുന്നു. പ്രവൃത്തിദിനമായ ശനിയാഴ്ച രാവിലെ സ്‌കൂളിലെത്തിയ പ്രധാനാധ്യാപകന്‍ ഹാഷിം ആണ് മതിലിലെ ചിത്രങ്ങള്‍ വൃത്തികേടാക്കിയതും ചെടിച്ചട്ടികള്‍ നശിപ്പിച്ചതും കണ്ടത്.
സംഭവത്തില്‍ സ്‌കൂള്‍ പി.ടി.എയും അധ്യാപകരും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇത് ചെയ്തവരെ പിടികൂടി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് പി.ടി.എ ആവശ്യപ്പെട്ടു.
നേരത്തേയും സ്‌കൂളിനെതിരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. സ്‌കൂളിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ്സിന്റെ ടയറുകളുടെ കാറ്റഴിച്ച് വിടുകയും ചുറ്റുമതിലില്‍ അസഭ്യവാക്കുകള്‍ എഴുതിവയ്ക്കുകയുമാണ് അന്ന് ചെയ്തത്.