ദൃഢനിശ്ചയമുണ്ടെങ്കില്‍ പഠനത്തിന് പ്രായവും പ്രതിസന്ധികളും ഒരു തടസ്സമല്ല; നാടിന് അഭിമാനമായി പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാന്തര ബിരുദം കരസ്ഥമാക്കി ചെങ്ങോട്ടുകാവിലെ നെയ്ത്തുതൊഴിലാളി പത്മിനി, ഇനി പഠനം എല്‍.എല്‍.ബിയ്ക്കായി
കൊയിലാണ്ടി: താല്‍പര്യമുണ്ടെങ്കില്‍ പഠനത്തിന് പ്രായവും പ്രതിസന്ധികളും ഒരു തടമല്ല എന്നതിന് തെളിവായി
നാടിന്റെ അഭിമാനമായി പൊളിറ്റിക്കല്‍ സയന്‍സില്‍ ഫസ്റ്റ് ക്ലാസോടെ ബിരുദാനന്തര ബിരുദം നേടി ചെങ്ങോട്ടുകാവിലെ നെയ്ത്തു തൊഴിലാളിയായ പത്മിനി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും 63.4 ശതമാനം മാര്‍ക്കോടെയാണ് എം.എ പൊളിറ്റിക്‌സ് പഠനം പത്മിനി പൂര്‍ത്തിയാക്കിയത്. വിവാഹം, കുടുംബ പ്രാരാബ്ധങ്ങള്‍ എന്നിവിയ്ക്കിടയില്‍പ്പെട്ട് പത്താം ക്ലാസ് പഠനത്തോടെ പഠനജീവിതം അവസാനിച്ചുവെന്ന് തോന്നിയിടത്തു നിന്ന് ബിരുദാനന്തര ബിരുദം വരെ ദൃഢനിശ്ചയം കൊണ്ട് നേടിയെടുത്തതാണ് പദ്മിനി.
വിവാഹജീവിത ശേഷം ചെങ്ങോട്ട്കാവില്‍ നെയ്ത്ത് തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. ഇതിനിടയിലാണ് വീണ്ടും പഠിക്കണമെന്ന മോഹം ഉടലെടുത്തത്. അതിയായ ആഗ്രഹം പറഞ്ഞപ്പോള്‍ ഭര്‍ത്താവും മക്കളും കട്ടയ്ക്ക് കൂടെ നില്‍ക്കുകയായിരുന്നു. ബോയ്സ് ഹൈസ്‌കൂളില്‍ പ്ലസ്ടു പഠനത്തിന് തുടക്കം കുറിക്കുകയും എഴുത്ത് താല്‍പ്പര്യമുളളതിനാല്‍ പ്ലസ്ടു പഠനത്തിന് ശേഷം ഡിഗ്രി കൂടി ചെയ്യുവാന്‍ തീരുമാനിക്കുകയായിരുന്നു. ഫസ്റ്റ് ക്ലാസോടെയാണ് പൊളിറ്റിക്‌സില്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയത്.
തുടര്‍ന്നായിരുന്നു ബിരുദാന്തര ബിരുദവും പൂര്‍ത്തിയാക്കണമെന്ന ആഗ്രഹം ഉടലെടുത്തത്. ആഴ്ചയില്‍ മൂന്ന് ദിവസമാണ് ക്ലാസ് . മൂന്ന് ദിവസവും മുടങ്ങാതെ പോവുമായിരുന്നെന്ന് പത്മിനി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പഠനം പൂര്‍ത്തിയാക്കി ഇന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങുമ്പോള്‍ ഒരു നെയ്ത്ത് തൊഴിലാളിയായ സ്ത്രീയ്ക്ക് ഇത്രയും നേടാന്‍ കഴിഞ്ഞല്ലോ എന്ന അതിയായ സന്തോഷമായിരുന്നു എനിക്കുണ്ടായിരുന്നതെന്ന് പത്മിനി ഓര്‍ത്തു പറഞ്ഞു. ഉറക്കൊഴിഞ്ഞ് പഠിച്ച് രാത്രി പകലാക്കി നേടിയ വിജയമാണിതെന്നും എന്റെ കുടുംബമാണ് എന്റെ കരുത്തെത്തും പത്മനി പറഞ്ഞു.
ഇത്രയും പഠിച്ചിട്ട് ഇനി എന്ത് എന്ന് ചോദിക്കുന്നവരോട് എല്‍.എല്‍.ബി യ്ക്കായുള്ള ശ്രമത്തിലാണെന്നാണ് പത്മിനിയുടെ മറുപടി. നെയ്ത്തു പണി താല്‍ക്കാലികമായി നിര്‍ത്തിവെച്ച് രണ്ടുമാസത്തോളമായി എന്‍ട്രന്‍സ് കോച്ചിംഗിലാണ്. ഇനി ഇതുംകൂടി പൂര്‍ത്തീകരിച്ചേ അടങ്ങൂ എന്ന ദൃഢനിശ്ചയത്തിലാണ് പത്മിനി.