മുസ്ലീം ലീഗ് ‘സാദരം 23’ ഇന്ന്; ഉദ്ഘാടനം പി.കെ കുഞ്ഞാലിക്കുട്ടി, കൊയിലാണ്ടിയില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍


കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലം മുസ്ലീം ലീഗ് ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന ‘സാദരം 23’ വ്യാഴാഴ്ച 3 മണിക്ക് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി ഉദ്ഘാടനം ചെയ്യും. പി.കെ.കെ ബാവ, ആബിദ് ഹുസൈൻ തങ്ങൾ, ഉമ്മർ പാണ്ടികശാല, സി.മമ്മൂട്ടി, എം.എ റസാഖ് മാസ്റ്റർ, ടി.ടി ഇസ്മായിൽ അഡ്വ.പി കുൽസു, മിസ്ഹബ് കീഴരിയൂർ തുടങ്ങിയ സംസ്ഥാന ജില്ലാ നേതാക്കൾ പരിപാടിയില്‍ പങ്കെടുക്കും.

ഫലസ്റ്റീൻ ഐക്യദാർഢ്യം, കൊയിലാണ്ടിയുടെ രാഷ്ടിയ ചരിത്രത്തിൽ ശ്രദ്ധേയരായ സി.എച്ച് മുഹമ്മദ് കോയ, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, സയ്യിദ് ഉമ്മർ ബാഫഖി തങ്ങൾ, പി.വി മുഹമ്മദ് സാഹിബ് എന്നിവരെ അനുസ്മരിക്കൽ, ചന്ദ്രിക നവതി ആഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടിയിൽ തുടക്കമിടുന്ന ചന്ദ്രിക ക്ലബിന്റെ ഉദ്ഘാടനം, പാർട്ടി ദേശീയ ആസ്ഥാനമായ ഖാഇദെ മില്ലത്ത് സെന്ററിന്റെ വിഭവ സമാഹരണത്തിൽ മികച്ച പങ്ക് വഹിച്ച യൂണീറ്റുകളെ ആദരിക്കൽ, അത്യുജ്വല വിജയം നേടിയ മണ്ഡലത്തിലെ എം.എസ്.എഫ് കോളേജ്‌ യൂണിയനുകൾക്ക് അനുമോദനം എന്നീ പരിപാടികള്‍ അടങ്ങുന്നതാണ് ‘സാദരം 23’.

പരിപാടി വൻ വിജയമാക്കണമെന്ന് നിയോജക മണ്ഡലം മുസ്ലീം ലീഗ് നേതാക്കളായ വി.പി ഇബ്രാഹിം കുട്ടി, സി.ഹനീഫ മാസ്റ്റർ, മഠത്തിൽ അബ്ദുറഹിമാൻ എന്നിവർ പറഞ്ഞു.