ഇനി മത്സരങ്ങളുടെ നാളുകള്‍; കൊയിലാണ്ടി ഉപജില്ല സ്‌കൂള്‍ കലോത്സവം നവംബര്‍ 4,5,6,7 തീയതികളില്‍


കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ല സ്‌കൂള്‍ കലോത്സവം തിയ്യതി പ്രഖ്യാപിച്ചു. 2024 നവംബര്‍ 4,5,6,7 തീയതികളിലായി ഇലാഹിയ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ചാണ് കലോത്സവം നടക്കുക. മത്സരങ്ങള്‍ക്കായി 12 വേദികള്‍,വിപുലമായ ഭക്ഷണപന്തല്‍, വിഭവസമൃദ്ധമായ ഭക്ഷണം, സുരക്ഷ- ആരോഗ്യ- ഗതാഗത- ട്രോഫി- ഗ്രീന്‍ പ്രോട്ടോക്കോള്‍ തുടങ്ങിയ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

4 ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ ഉപജില്ലയിലെ 76 ഓളം വിദ്യാലയങ്ങളില്‍ നിന്നായി പന്ത്രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കണ്ടറി തലം വരെ വിവിധ വിഭാഗങ്ങളിലായി 293 -ഓളം ഇനങ്ങളിലായാണ് മത്സരം നടക്കുക. എല്ലാ കമ്മിറ്റികളുടേയും സഹകരണത്തോടെ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നെത്തുന്ന കലാപ്രതിഭകള്‍ക്ക് തങ്ങളുടെ കലാവിരുതുകള്‍ പ്രകടിപ്പിക്കുവാന്‍ സാധ്യമായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

സംഘാടകസമിതി ചെയര്‍മാന്‍ സതി കിഴക്കെയില്‍ ജന.കണ്‍വീനര്‍ ഇ.കെ. ഷൈനി (പ്രിന്‍സിപ്പല്‍ ഇലാഹിയ എച്.എസ്.എസ്), ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ എം.കെ. മഞ്ജു,എച്ച്.എം ഫോറം കണ്‍വീനര്‍ പ്രജീഷ്. എന്‍.ഡി, പബ്ലിസിറ്റി കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ ശ്രീലേഷ്.ഒ, ശ്രീഷു. കെ.കെ, മനോജ്. കെ.കെ, ഗണേശന്‍ കക്കഞ്ചേരി, സായൂജ് ശ്രീമംഗലം, രൂപേഷ്‌കുമാര്‍. എം, ഫഹീം.എസ്.എം എന്നിവര്‍ സംസാരിച്ചു.