വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ തട്ടിപ്പ്; 26 കിലോ സ്വര്‍ണത്തില്‍ 4.5 കിലോ സ്വര്‍ണം കണ്ടെത്തി, ലഭിച്ചത് തിരുപ്പൂരിലെ ബാങ്കില്‍ നിന്ന്
വടകര: വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചില്‍ നിന്ന് മുക്കുപണ്ടം പകരംവെച്ച് സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ നഷ്ടപ്പെട്ട 26 കിലോ സ്വര്‍ണത്തില്‍ 4.5കിലോ സ്വര്‍ണം കണ്ടെത്തി. തമിഴ്‌നാട് തിരുപൂരിലെ ഡി.ബി.എസ് ബാങ്ക് ശാഖയില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. ഇനി 21.5 കിലോ സ്വര്‍ണ്ണം കൂടിയാണ് കണ്ടെത്താനുള്ളതെന്ന് പൊലീസ് വ്യക്തമാക്കി.
ഡി.ബി.എസ് ബാങ്കില്‍ മധ ജയകുമാരിന്റെ സുഹൃത്ത് കാര്‍ത്തി ജോലി ചെയ്യുന്നുണ്ട്. ഇയാളുമായി ചേര്‍ന്ന് സ്വര്‍ണം ഇവിടെ പണയംവെയ്ക്കുകയായിരുന്നു. മധ ജയകുമാറിനെ തമിഴ്‌നാട്ടിലെത്തിച്ച് തെളിവെടുപ്പ് തുടരുകയാണ്.
മധ ജയകുമാര്‍ പണം ഉപയോഗിച്ചത് ഓണ്‍ലൈന്‍ ട്രേഡിങ്ങിനെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ ഇന്‍ഷുറന്‍സ് സ്ഥാപനത്തിലെ ജീവനക്കാരനുമായി ചേര്‍ന്നാണ് ഇയാള്‍ ഓണ്‍ലൈന്‍ ട്രേഡിങ് നടത്തിയത്. ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ പ്രതിയുടെ ഭാര്യയും പങ്കാളിയാണ്. ഇന്‍ഷുറന്‍സ് ജീവനക്കാരനെയും ഭാര്യയെയും പൊലീസ് ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയില്‍ നിന്ന് 17.20 കോടി രൂപ മൂല്യമുള്ള 26.24 കിലോഗ്രാം സ്വര്‍ണം കടത്തുകയും പകരം മുക്കുപണ്ടം പണയംവെച്ചെന്നുമാണ് കേസ്. 26 കിലോ സ്വര്‍ണ്ണം വിവിധ ഘട്ടങ്ങളിലായാണ് മോഷ്ടിച്ചത്. തട്ടിപ്പ് പുറത്തറിഞ്ഞതിന് പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു. തെലങ്കാന അതിര്‍ത്തിയായ ബീദര്‍ ജില്ലയില്‍ നിന്നാണ് മധ ജയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ കൊയിലാണ്ടി മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.