കേരളത്തില്‍ ഇതാദ്യം; പ്രത്യേകയിനം ഹനുമാന്‍മണല്‍ കോഴിയെ കാപ്പാട് തീരത്ത് നിന്നും കണ്ടെത്തി പക്ഷിഗവേഷകന്‍ അബ്ദുളള പാലേരി


കൊയിലാണ്ടി: തെക്കെ ഇന്ത്യയിലും ശ്രീലങ്കയിലും മാത്രം കണ്ടുവരുന്ന പ്രത്യേകയിനം ഹനുമാന്‍മണല്‍ കോഴിയെ കാപ്പാട് തീരത്ത് നിന്നും കണ്ടെത്തി പക്ഷിഗവേഷകനും പേരാമ്പ്ര സില്‍വര്‍ കോളേജിലെ ജന്തുശാസ്ത്ര അധ്യാപകനായ ഡോ: അബ്ദുളള പാലേരി.

കാപ്പാട് കടപ്പുറത്തെ നൂറുകണക്കിന് ചെറുമണല്‍ക്കോഴികളിലും ടിബറ്റന്‍ മണല്‍ക്കോഴികളുടെ കൂട്ടത്തില്‍ നിന്നുമാണ് തന്റെ ക്യാമറയിലൂടെ അദ്ദേഹം ഹനുമാന്‍ മണല്‍ക്കോഴിയെ കണ്ടെത്തിയത്. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തോളമായി പക്ഷിനിരീക്ഷണത്തില്‍ തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് അബ്ദുളള പാലേരി.

മിക്ക ആഴ്ചകളിലും പക്ഷി നിരീക്ഷണവുമായി ബന്ധപ്പെട്ട് കാപ്പാട് കടപ്പുറം സന്ദര്‍ശിക്കാറുണ്ട്. അങ്ങനെയാണ് പതിവിലും വ്യത്യസ്തമായ പക്ഷിയെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഒട്ടും സമയം കളയാതെ തന്റെ ക്യാമറയില്‍ പകര്‍ത്തിയത്.  സങ്കരയിനം പരുന്തിനെ തെക്കെ ഏഷ്യയില്‍ രണ്ടാമതായി കണ്ടെത്തിയിട്ടുണ്ട്.

അന്താരാഷ്ട്ര തണ്ണീര്‍ത്തട ഗവേഷകനായ ഡോ. തേയ്ജ് മുണ്ടുകരും കൊളംബോ സര്‍വകലാശാലയിലെ പക്ഷിശാസ്ത്രജ്ഞനായ ഡോ. സമ്പത്തും ഹനുമാന്‍മണല്‍ക്കോഴി ആണിതെന്ന് സ്ഥിരീകരിച്ചതായി അബ്ദുള്ള പാലേരി പറഞ്ഞു. ഹനുമാന്‍മണല്‍ കോഴിയെ ഇതുവരെയും പക്ഷിനിരീക്ഷണവുമായി ബന്ധപ്പെട്ട സൈറ്റായ ‘ഇ-ബേര്‍ഡി’ല്‍ കേരളത്തില്‍ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ പക്ഷികളുടെ ചെക്ക് ലിസ്റ്റിലും ഹനുമാന്‍ മണല്‍ക്കോഴിയെ ഉള്‍പ്പെടുത്തിയിട്ടില്ല.

ഇംഗ്ലണ്ടിലെയും ശ്രീലങ്കയിലെയും ശാസ്ത്രജ്ഞരാണ് ഹനുമാന്‍മണല്‍ക്കോഴി ഒരു പ്രത്യേക ജാതി (സ്പീഷീസ്) ആണെന്ന് കണ്ടെത്തിയത്. 2023-ലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. ശ്രീലങ്കയിലും തെക്കേ ഇന്ത്യയിലും മാത്രം കാണുന്ന പക്ഷിയായതുകൊണ്ട് ‘ഹനു മാന്‍മണല്‍ക്കോഴി’ എന്ന് പേരിട്ടു. (ചറാര്‍ഡ്റിയസ് സിബോമി) എന്നാണ് ശാസ്ത്രനാമം.

കാപ്പാട് നിന്നും കണ്ടെത്തിയത് ഒരു ഹനുമാന്‍മണല്‍കോഴിയെയാണ്. നിലവില്‍ ഇവ കൂടുകൂട്ടി താമസിക്കുന്നവയാണോ, സ്ഥിരവാസികളാണോ എന്നീ ഗവേഷണങ്ങള്‍ ഇനിയും നത്താനുണ്ട്. 555 മത്തെ പ്രത്യേകയിനം പക്ഷിയായി ഹനുമാന്‍മണല്‍ക്കോഴിയെ പ്രഖ്യാപിക്കണമെന്നും പക്ഷിനിരീക്ഷണവുമായി ബന്ധപ്പെട്ട സൈറ്റായ ‘ഇ-ബേര്‍ഡി’ല്‍ ഇവയെ ഉള്‍പ്പെടുത്തണം, വംശനാശം നേരിടുന്ന പക്ഷികളുടെ കൂട്ടത്തില്‍ ഇവയെ ഉള്‍പ്പെടുത്തണമെന്നുമാണ് അബ്ദുളളയുടെ ആവശ്യം. നിലവില്‍ ഇവ അപൂര്‍വ്വയിനം പക്ഷികളാണെന്ന് പറയാന്‍ കഴിയില്ലെന്നും കേരളത്തില്‍ ഇവയെ കണ്ടെത്തിയിരുന്നെങ്കിലും 2023 ലെ റിസര്‍ച്ച് പ്രകാരം ഇവ പ്രത്യേക ജാതിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പഠനങ്ങല്‍ ഇനിയും നടത്തേണ്ട്ത് അനിവാര്യമാണെന്നും അദ്ദേഹം കൊയിലാണ്ടി ന്യൂസ് ഡോട്‌കോമിനോട് പറഞ്ഞു.

സങ്കരയിനം പരുന്തിനെ തെക്കെ ഏഷ്യയില്‍ രണ്ടാമതായി കണ്ടെത്തി

 

തന്റെ ബിരുദാനന്തര ബിരുദ കാലം   മുതലേ പക്ഷിനിരീക്ഷണത്തില്‍ അതിയായ താല്‍പര്യമുണ്ടായിരുന്നു. അന്നുമുതല്‍ തുടങ്ങി ഇരുപത്തിയഞ്ച് വര്‍ഷമായി പക്ഷിനിരീകഷണത്തില്‍ തന്റേതായ ഗവേഷണങ്ങള്‍ നടത്തിവരികയാണ്. നീലക്കോഴികളെക്കുറിച്ച് നടത്തിയ ഗവേഷണത്തിനാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പക്ഷിനിരീക്ഷണത്തില്‍ ഡോക്ടറേറ്റ് നേടിയത്. അഞ്ച് വര്‍ഷത്തോളം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ‘കേരളത്തിലെ പൂമ്പാറ്റകള്‍’ എന്ന പംക്തിയും ഒരുവര്‍ഷത്തോളം ‘പക്ഷി കേരളം’ എന്ന  പംക്തിയും ചെയ്തിട്ടുണ്ട്.

‘പക്ഷിലോകത്തെ വിശേഷങ്ങള്‍’, ‘വരൂ നമുക്ക് പൂമ്പാറ്റകളെ നിരീക്ഷിക്കാം’, ‘പക്ഷി നിരീക്ഷണം അറിവും വിനോദവും’, ‘നിപ്പയും വവ്വാലുകളും’ എന്നീ നാല് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പേരാമ്പ്ര സ്‌കൂള്‍ അധ്യാപകനായിരിക്കെ ഏറ്റവും നല്ല അധ്യാപകനുളള ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും നേടിയിരുന്നു. ‘വരൂ നമുക്ക് പൂമ്പാറ്റകളെ നിരീക്ഷിക്കാം’ എന്ന പുസ്തകത്തിന് സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ ഏറ്റവും നല്ല ശാസ്ത്ര ബാല സാഹിത്യ പുസ്തകത്തിനുളള അവാര്‍ഡും ലഭിച്ചിരുന്നുവെന്ന് അദ്ദേഹം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കോഴിക്കോട് ജില്ലയിലെ പാലേരി സ്വദേശിയാണ് അബ്ദുളള. തന്റെ പഠനകാലത്ത് അധ്യാപകരും സഹപാഠികളും പുസ്തകങ്ങളുമൊക്കെയാണ് തന്റെ പക്ഷിനിരീക്ഷണത്തോടുളള ആവേശത്തിന് ആക്കം കൂട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.