ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന സൗജന്യ മരുന്നുള്‍പ്പെടെയുള്ള തുടര്‍ചികിത്സ; പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി മെഡിക്കല്‍ ക്യാമ്പും തുടര്‍ചികിത്സാ പദ്ധതിയുമായി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ വീ ബോണ്ട്
പേരാമ്പ്ര: പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്കൂളിലെ കുട്ടികള്‍ക്കായി തുടര്‍ചികിത്സ പദ്ധതിയും ഹോമിയോ മെഡിക്കല്‍ ക്യാമ്പുംസംഘടിപ്പിച്ചു. സ്കൂള്‍ 1986 എസ്.എസ്.എല്‍.സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ വീ ബോണ്ട് ആണ് യു.പി വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമ്പ് സംഘടിപ്പിച്ചത്.
പരിപാടിയുടെ ഉദ്ഘാടനം പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് നിര്‍വ്വഹിച്ചു. വീ ബോണ്ട് ചെയര്മാന് രഘുനാഥ് നല്ലാശ്ശേരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ക്യാമ്പിന് ശേഷം ആവശ്യമായി വരുന്ന കുട്ടികള്‍ക്ക് ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന സൗജന്യ മരുന്നുള്‍പ്പെടെയുള്ള തുടര്‍ചികിത്സയുമാണ് പദ്ധതിയിലൂടെ കുട്ടികള്‍ക്ക് ലഭ്യമാക്കുക.
അക്കാദമിക്ക്, പാലിയേറ്റീവ്, കായിക മേഖലകളില്‍ ഒട്ടേറെ പരിപാടികളും പദ്ധതികളുമാണ് ഈ വര്‍ഷം വീ ബോണ്ട് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ചടങ്ങില്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. റീന, ഗ്രാമ പഞ്ചായത്തംഗം സി.എം. സജുമാസ്റ്റര്, പി.ടി.എ. പ്രസിഡന്റ് പി.സി.ബാബു മാസ്റ്റര്‍, വി.ബി.രാജേഷ് മാസ്റ്റര്‍, പി.സ്മിത, അശോകന് മഹാറാണി, യൂസഫ് വി., തുടങ്ങിയവര്‍ സംസാരിച്ചു. ഡെപ്യൂട്ടി എച്ച്.എം റീന കെ.കെ. സ്വാഗതം പറഞ്ഞ ചടങ്ങില്‍ വീ ബോണ്ട് കണ്‍വീനര്‍ ശോഭകല്ലോട്ട് നന്ദി രേഖപ്പെടുത്തി.