വയനാട്ടിൽ നിന്നുള്ള സി.പി.എമ്മിന്റെ ആദ്യമന്ത്രി, കെ രാധാകൃഷ്ണന് പകരം ഒ ആർ കേളു മന്ത്രിയാകും; മറ്റ് മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം
തിരുവനന്തപുരം: മാനന്തവാടി എം.എല്‍.എ. ഒ.ആര്‍. കേളു മന്ത്രിയാകും. മുന്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ പാര്‍ലമെന്റിലേക്ക് വിജയിച്ച ഒഴിവിലേക്കാണ് കേളു മന്ത്രിസഭയിലേക്ക് എത്തുന്നത്. വയനാട് ജില്ലയിൽ നിന്നുള്ള സി.പി.എമ്മിന്റെ ആദ്യ മന്ത്രിയാണ് ഒ.ആർ. കേളു. സിപിഎം സംസ്ഥാന സമിതിയിലാണ് തീരുമാനം.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗമെന്നതും ആദിവാസി ക്ഷേമസമിതി നേതാവെന്നതുമാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് കേളുവിന് അനുകൂലമായ ഘടകങ്ങൾ. സംസ്ഥാന കമ്മിറ്റി അംഗത്വമുളള മറ്റ് ദളിത് എം എൽ എമാർ സിപിഎമ്മിലില്ല. ആദിവാസി വിഭാഗത്തിൽ നിന്നുളള നേതാവാണ് കേളു.
ലോക്സഭാ എംപിയായി രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും രാജിവെച്ചത്. പട്ടികജാതി വികസനം, ദേവസ്വം തുടങ്ങിയ പ്രധാന വകുപ്പുകളാണ് കെ രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്നത്. ആലത്തൂരിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.
അതേസമയം, കേരള മന്ത്രി സഭയില്‍ ചെറിയ മാറ്റങ്ങളും ഉണ്ടാവും. വി എന്‍ വാസവന് ദേവസ്വം വകുപ്പിന്‍റെ ചുമതല നല്‍കും. പാര്‍ലമെന്‍ററി കാര്യ വരുപ്പ് എം ബി രാജേഷിന് നല്‍കും.