ക്ഷേത്രം – പള്ളി കമ്മറ്റികളുടെ എതിര്‍പ്പ്; തിരുവങ്ങൂരില്‍ ഒരു കിലോമീറ്ററോളം ദൂരം ദേശീയ പാതയ്ക്ക് സര്‍വ്വീസ് റോഡില്ല, പ്രദേശത്ത് ഗതാഗത സൗകര്യം തടസ്സപ്പെടുമെന്ന് ആശങ്ക


കൊയിലാണ്ടി: തിരുവങ്ങൂരില്‍ സര്‍വ്വീസ് റോഡ് നിര്‍മ്മിക്കാതെ പുതിയ ആറുവരിപ്പാത നിര്‍മ്മിക്കുന്നതില്‍ വന്‍ പ്രതിഷേധം. ദേശീയപാതയില്‍ തിരുവങ്ങുര്‍ നരസിംഹ പാര്‍ഥസാരഥി ക്ഷേത്രത്തിനും വെറ്റിലപ്പാറ മുഹ്യുദ്ദിന്‍ ജുമാമസ്ജിദിനും ഇടയിലാണ് സര്‍വീസ് റോഡ് നിര്‍മ്മിക്കാതെ ദേശീയപാത നിര്‍മ്മാണം പുരോഗമിക്കുന്നത്.

ദേശീയപാതയുടെ കിഴക്കുഭാഗത്ത് ഒരു കിലോമീറ്ററോളം ദൂരത്തിലാണ് സര്‍വീസ് റോഡില്ലാതെയാകുന്നത്. ഇതോടെ ഈ പ്രദേശത്തുള്ളവരുടെ റോഡ് ഗതാഗത സൗകര്യം തടസ്സപ്പെടും. മാത്രമല്ല പടിഞ്ഞാറു ഭാഗത്തുള്ള സര്‍വീസ് റോഡിലൂടെയുള്ള ഗതാഗതവും അവതാളത്തിലാകും.

സ്ഥലംവിട്ടുതരില്ലെന്ന് പറഞ്ഞ് ദേശീയപാത നിര്‍മാണപ്രവ്യത്തി ആരംഭിക്കുന്നതിനു മുമ്പുതന്നെ ക്ഷേത്രകമ്മിറ്റിയും പള്ളി കമ്മിറ്റിയും എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

ഇവരെ അനുകൂലിച്ച് പരിസരവാസികളും പ്രതിഷേധം ഉയര്‍ത്തിയിരുന്നെങ്കിലും പിന്നീട് എല്ലാവരും സ്ഥലം വിട്ടുനല്‍കുകയായിരുന്നു. തുടര്‍ന്ന് ദേശീയപാത നിര്‍മാണ പ്രവൃത്തി വേഗത്തില്‍ മുന്നേറുമ്പോള്‍ ചിലര്‍ കേന്ദ്ര സര്‍ക്കാരില്‍ ഇടപെട്ട് സര്‍വീസ് റോഡ് നിര്‍മാണം ഒഴിവാക്കുകയാ യിരുന്നു.

ദേശീയപാത വരുന്നതോടെ സര്‍വീസ് റോഡ് ഇല്ലാത്തതിനാല്‍ ക്ഷേത്രത്തിലേക്കും പള്ളിയിലേക്കും മറ്റു പ്രദേശങ്ങളിലു മുള്ളവര്‍ക്ക് എത്താനാകാത്ത സാഹചര്യമുണ്ടാകും. സര്‍വീസ് റോഡിനെ എതിര്‍ത്ത ക്ഷേത്രം പള്ളി കമ്മിറ്റിക്കാര്‍ക്കും ഇത് ഭാവിയില്‍ ഏറെ പ്രയാസമുണ്ടാക്കാന്‍ സാധ്യതയുണ്ട്.