ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്; കോഴിക്കോട് സ്വദേശിയില്‍ നിന്നും 67 ലക്ഷം തട്ടിയ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ


കോഴിക്കോട്: ഓണ്‍ലൈന്‍ ട്രേഡിങ് വഴി വന്‍ ലാഭം വാഗ്ദാനം ചെയ്ത്ത് കോഴിക്കോട് സ്വദേശിയില്‍ നിന്നും 67 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ തമിഴ്നാട് സ്വദേശി അറസ്റ്റില്‍. സുഫിയാന്‍ കബീറിനെയാണ് കോഴിക്കോട് സിറ്റി ക്രൈം പൊലീസ് അറസ്റ്റുചെയ്തത്.

കോഴിക്കോട് സ്വദേശിയെ പെര്‍മനസ്സ് കാപ്പിറ്റല്‍ എന്നപേരില്‍ ട്രേഡിങ് വഴി മികച്ച വരുമാനം നേടാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ അക്കൗണ്ടില്‍ നിന്നും ഓണ്‍ലൈനായി 67 ലക്ഷം രൂപ തട്ടിയത്. ഇന്റര്‍നെറ്റ്വഴിയെടുത്ത വ്യാജ വാട്സ്ആപ് നമ്പറുകള്‍ വഴി സന്ദേശമയച്ച് സൗഹൃദത്തിലായാണ് കൂടുതല്‍ വരുമാനം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്. 2022ല്‍ പന്തീരാങ്കാവ് പൊലീസ് രജിസ്റ്റര്‍ചെയ്ത കേസ് പിന്നീട് സൈബര്‍ ക്രൈം പൊലീസ് ഏറ്റെടുക്കുകയായിരുന്നു.

കുറ്റകൃത്യത്തിനുപയോഗിച്ച സിം കാര്‍ഡും മൊബൈല്‍ ഫോണും പ്രതിയില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു. ലാഭം പ്രതീക്ഷിച്ച പരാതിക്കാരന്‍ നിക്ഷേപിച്ച പണം അദ്ദേഹത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ അനധികൃതമായി ലോഗിന്‍ ചെയ്‌തെടുത്ത് അതിന് തുല്യമായ ക്രിപ്‌റ്റോ കറന്‍സിയായ യു.എസ്.ഡി.പി വാങ്ങി സ്വകാര്യ കമ്പനിയുടെ വിലാസത്തിലേക്കും മറ്റും ട്രാന്‍സ്ഫര്‍ ചെയ്താണ് ഇയാള്‍ പണം സ്വന്തമാക്കിയത്. വിദേശത്തേക്ക് കടന്ന ഇയാളുടെ കൂട്ടാളിയെ നാട്ടിലെത്തിക്കാനും പൊലീസ് ശ്രമം തുടങ്ങി.