ചേലിയയിലെ ബിജിഷയുടെ ആത്മഹത്യ: വില്ലനായത് ഓണ്‍ലൈന്‍ റമ്മികളി; അക്കൗണ്ടുകളിൽ നടന്നത് ഒരു കോടിയിലേറെ രൂപയുടെ ഇടപാട്, നഷ്ടപ്പെട്ടത് ഇരുപത് ലക്ഷം രൂപയോളം


കൊയിലാണ്ടി: ചേലിയയിലെ ബിജിഷയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ഓണ്‍ലൈന്‍ റമ്മികളി. ഇരുപത് ലക്ഷം രൂപയോളം ബിജിഷയ്ക്ക് നഷ്ടപ്പെട്ടുവെന്നും രണ്ട് അക്കൗണ്ടുകളിലായി ഒരു കോടിയിലേറെ രൂപയുടെ ഇടപാടുകള്‍ നടന്നുവെന്നും ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി.

കോവിഡ് രൂക്ഷമായിരുന്ന സമയത്താണ് ബിജിഷ റമ്മി കളിയിലേക്ക് എത്തുന്നത്. താരതമ്യേനെ എളുപ്പമായ ചില കളികളാണ് ആദ്യഘട്ടത്തില്‍ കളിച്ചത്. ഇവയില്‍ വിജയിക്കുകയും ബിജിഷയ്ക്ക് പണം ലഭിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കൂടുതല്‍ പണം റമ്മി കളിക്കായി ബിജിഷ വിനിയോഗിക്കുകയായിരുന്നു.

ഗൂഗിള്‍ പേ, ഫോണ്‍പേ പോലുള്ള യു.പി.ഐ ആപ്പുകള്‍ വഴിയാണ് ബിജിഷ റമ്മി കളിക്കാനായി പണം നല്‍കിയിരുന്നത്. കൂടുതല്‍ പണം നിക്ഷേപിക്കുന്നതിനനുസരിച്ച് കളിയില്‍ നിന്ന് പണം കിട്ടാതായി.

പണം നഷ്ടപ്പെട്ട് തുടങ്ങിയതോടെയാണ് കടം വാങ്ങാന്‍ തുടങ്ങിയത്. പരിചയക്കാരില്‍ നിന്ന് കടം വാങ്ങിയതിന് പുറമെ ഓണ്‍ലൈന്‍ ആപ്പുകള്‍ വഴിയും ബിജിഷ ലോണുകള്‍ എടുത്തിരുന്നു.

[ad-attitude]

ഓണ്‍ലൈന്‍ ലോണുകള്‍ക്ക് ഈട് ആവശ്യമില്ല. പകരം ഉപഭോക്താവിന്റെ ഫോണിലെ കോണ്ടാക്റ്റ് നമ്പറുകളും മറ്റ് വിവരങ്ങളും അവര്‍ ശേഖരിക്കുകയാണ് പതിവ്. ലോണെടുത്തതോടെ ബിജിഷയുടെ ഫോണിലെ എല്ലാ കോണ്ടാക്റ്റ് നമ്പറുകളും ലോണ്‍ നല്‍കിയവരുടെ കൈവശമെത്തി.

[ad1]

പിന്നീട് പണം തിരികെ അടയ്ക്കാന്‍ കഴിയാതെ വന്നപ്പോള്‍ ലോണ്‍ നല്‍കിയവര്‍ ബിജിഷ തട്ടിപ്പുകാരിയാണെന്ന രീതിയിലുള്ള സന്ദേശങ്ങള്‍ ബിജിഷയുടെ സുഹൃത്തുക്കള്‍ക്കും മറ്റ് പരിചയക്കാര്‍ക്കുമെല്ലാം അയച്ചു. ഈ മെസേജുകളെല്ലാം അന്വേഷണത്തില്‍ പൊലീസിന് ലഭിച്ചു.

[ad2]

ഓണ്‍ലൈന്‍ റമ്മി കളിയില്‍ ബിജിഷയ്‌ക്കൊപ്പം ഒരു സുഹൃത്ത് കൂടി ഉണ്ടായിരുന്നു. ഈ സുഹൃത്തിനെ ചോദ്യം ചെയ്തപ്പോഴാണ് ക്രൈം ബ്രാഞ്ചിന് നിര്‍ണ്ണായകമായ വിവരങ്ങള്‍ ലഭിച്ചത്.

കയ്യിലുള്ള പണവും സ്വര്‍ണ്ണം പണയം വച്ചും കടം വാങ്ങിയുമെല്ലാമുള്ള ഇരുപത് ലക്ഷം രൂപയിലേറെയാണ് ഓണ്‍ലൈന്‍ റമ്മി കളിക്ക് അടിപ്പെട്ട് ബിജിഷയ്ക്ക് നഷ്ടമായത്. രണ്ട് കൊല്ലത്തോളമായുള്ള മാനസിക സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെയാണ് ബിജിഷ കഴിഞ്ഞ ഡിസംബര്‍ 11 ന് ആത്മഹത്യ ചെയ്തത്.

ആത്മഹത്യയ്ക്ക് ശേഷം ഒരാള്‍ പോലും കടം നല്‍കിയ പണം തിരികെ ആവശ്യപ്പെട്ട് ബിജിഷയുടെ വീട്ടുകാരെ സമീപിച്ചിട്ടില്ല. സുഹൃത്തുക്കളോട് അന്വേഷിച്ചപ്പോള്‍ പലര്‍ക്കും ബിജിഷ പണം തിരികെ നല്‍കിയിട്ടുണ്ടെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്.