അപൂര്‍വ്വ രോഗം ബാധിച്ച കീഴൂരിലെ പിഞ്ചുകുഞ്ഞിന് പട്ടികജാതി വകുപ്പിന്റെ കൈത്താങ്ങ്; അടിയന്തിര ധനസഹായമായി ഒരുലക്ഷം രൂപ നല്‍കി


പയ്യോളി: പ്രസവാനന്തരം തലച്ചോറിലെ പഴുപ്പ് കാരണം ഗുരുതരമായ അസുഖം ബാധിച്ച് പ്രയാസമനുഭവിക്കുന്ന കീഴൂരിലെ പിഞ്ചുബാലന് പട്ടികജാതി വകുപ്പിന്റെ കൈത്താങ്ങ്. കീഴൂര്‍ വലിയപറമ്പില്‍ അനില്‍കുമാര്‍ – ചിത്ര ദമ്പതികളുടെ പിഞ്ചു ബാലന് കേരള സര്‍ക്കാര്‍ പട്ടികജാതി വികസന മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും മേലടി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് മുഖേന അടിയന്തിര ധനസഹായമായി ഒരു ലക്ഷം രൂപ നല്‍കി.

മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് തുകയുടെ ചെക്ക് നല്‍കി. തുടര്‍ചികിത്സകള്‍ക്കായി സര്‍ക്കാരില്‍ നിന്നും ഇനിയും ധനസഹായം അനുവദിക്കുന്നതിനാവശ്യമായ നടപടികള്‍ എടുക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. പോസ്റ്റ് മെനിന്‍ജിറ്റിക് ഹൈഡ്രോസെഫാലസ് എന്ന അപൂര്‍വ്വ രോഗമാണ് കുട്ടിക്ക് ബാധിച്ചിരിക്കുന്നത്.

തലച്ചോറിലെ നീര് വയറ്റിലേക്ക് പോകുന്നത് ബാക്ടീരിയ കാരണം തടസ്സപ്പെടുന്നതോടെ തല ക്രമാതീതമായി വലുതാകുന്നതാണ് രോഗം. നിലവില്‍ ഇതിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ശസ്ത്രക്രിയയിലൂടെ തലച്ചോറിലെ നീര് നേരിയ കുഴല്‍ വഴി വയറ്റിലേക്ക് ഇറക്കുകയാണ് ഇതിനുള്ള പരിഹാരം. ശസ്ത്രക്രിയയ്ക്ക് വലിയ തുക ചെലവ് വരും. 11 മാസംപ്രായമായ കുട്ടിക്ക് ഒരു ശസ്ത്രക്രിയ കഴിഞ്ഞിട്ടുണ്ട്.

ജീവിത കാലം മുഴുവന്‍ നിരവധി ശസ്ത്രക്രിയകള്‍ ഇനിയും ആവശ്യമാണ്.ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസര്‍ അസീസ് കുട്ടിയുടെ രോഗാവസ്ഥ മനസ്സിലാക്കി ആവശ്യമായ രേഖകള്‍ തയ്യാറാക്കി അടിയന്തിര ധനസഹായം അനുവദിക്കുന്നതിനുള്ള നടപടികള്‍ എടുക്കുകയായിരുന്നു.ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.പ്രസന്ന, സ്ഥിരം സമിതി അധ്യക്ഷരായ എം.എം.രവീന്ദന്‍, മഞ്ഞക്കുളം നാരായണന്‍, ബ്ലോക്ക് അംഗം റംല, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോബി സാലസ് എന്നിവര്‍ സംസാരിച്ചു.

Summary: Scheduled caste department’s support for a toddler in Keezhur suffering from a rare disease; One lakh was given as emergency financial assistance