ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതൽ; വിതരണ തീയതി റേഷൻ കാർഡിന്റെ നിറത്തിന്റെ അടിസ്ഥാനത്തിൽ; നിങ്ങൾക്ക് എന്ന് ലഭിക്കുമെന്ന് അറിയാം


കോഴിക്കോട്: ഓണസദ്യ കെങ്കേമമാക്കാൻ ഓണക്കിറ്റ് ഈ മാസം ഇരുപത്തിരണ്ടു മുതൽ കിട്ടിത്തുടങ്ങും. റേഷൻ കാർഡിന്റെ നിറമനുസരിച്ച് വിവിധ തീയ്യതികളിലാണ് വിതരണം ചെയ്യുക. മുഖ്യമന്ത്രി വിതരണ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ കേന്ദ്രങ്ങളിലും വിതരണ ഉദ്ഘാടനമുണ്ടാകും. തുണി സഞ്ചി അടക്കം പതിനാലിന് കിറ്റാണ് ലഭിക്കുക.

ഓഗസ്റ്റ് 23, 24 തീയതികളിലാണ് മഞ്ഞ കാർഡുകാർക്ക് വിതരണം ചെയ്യുക. പിങ്ക് കാർഡുടമകൾക്ക് ഓഗസ്റ്റ് 25, 26, 27 തീയതികളിൽ ആണ് വിതരണം ചെയ്യുക. 29, 30 31 തിയതികളിൽ നീല കാർഡുകാർക്കും സെപ്റ്റംബർ 1,2,3 തീയതികളിൽ വെള്ള കാർഡുകാർക്കും കിറ്റ് വിതരണം ചെയ്യപ്പെടും.

ഏതെങ്കിലും കാരണവശാൽ നിങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള തീയ്യതികളിൽ എത്തി കിറ്റ് വാങ്ങാൻ കഴിഞ്ഞില്ലെങ്കിൽ സെപ്റ്റംബർ 4,5 ,6 ,7 തീയതികളിൽ അവസരം നൽകും. സെപ്റ്റംബർ നാലിന് റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും.

എല്ലാ റേഷൻ കാർഡ് ഉടമകൾ അവരുടെ കടകളിൽ നിന്നു തന്നെ കിറ്റ് വാങ്ങണം. ഏഴാം തീയതിയോടെ ഭക്ഷ്യക്കിറ്റ് വിതരണം പൂർത്തിയാക്കും. ഓണം കഴിഞ്ഞ് കിറ്റ് വിതരണമുണ്ടാകില്ലെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു.

57 ലക്ഷം കിറ്റുകൾ ഇന്നു രാവിലെ വരെ തയാറായിട്ടുണ്ട്. മെച്ചപ്പെട്ട ഗുണനിലവാരമുള്ളവയാണ് കിറ്റിലെ സാധനങ്ങൾ. സാധനങ്ങളുടെ തൂക്കം ഉറപ്പാക്കുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു. ക്ഷേമ സ്ഥാപനങ്ങളിലേക്കുള്ള കിറ്റ് വിതരണവും ഇതോടൊപ്പം നടക്കും.