വിപണി വിലയെക്കാള്‍ 30 ശതമാനം വിലക്കുറവ്; ജില്ലയില്‍ കൃഷിവകുപ്പിന്റെ 81 ഓണചന്തകള്‍ സെപ്റ്റംബര്‍ 11മുതല്‍ 14 വരെ


കോഴിക്കോട് : ജില്ലയില്‍ കൃഷിവകുപ്പിന്റെ ഓണചന്ത സെപ്തംബര്‍ 11 മുതല്‍ 14 വരെ 81 കേന്ദ്രങ്ങളില്‍ നടക്കും. ആകെ 155 ഓണചന്തകളാണ് ഉണ്ടാകുക. വിപണി വിലയെക്കാള്‍ 30 ശതമാനം വിലക്കുറവിലാണ് ഓണചന്തകളില്‍ പച്ചക്കറി വില്‍ക്കുക. സ്വകാര്യ കച്ചവടക്കാര്‍ നല്‍കുന്നതിനേക്കാള്‍ 10 ശതമാനം അധികം വില നല്‍കിയാണ് കര്‍ഷകരില്‍ നിന്നും പച്ചക്കറികള്‍ സംഭരിക്കുന്നത്.

ജൈവ പച്ചക്കറിയാകട്ടെ കര്‍ഷകരില്‍ നിന്നും 20 ശതമാനം അധികം വില നല്‍കി സംഭരിച്ച് ചന്തയില്‍ 10 ശതമാനം കിഴിവില്‍ വില്‍ക്കും. 81 ഓണചന്തകളില്‍ 12 എണ്ണം കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ ആയിരിക്കും. പച്ചക്കായയും ചേനയുമാണ് കൂടുതല്‍ സംഭരിക്കുക. ചന്തകളില്‍ മില്‍മ, കേരള ഗ്രോബ്രാന്റ്, ഹോര്‍ട്ടികോര്‍പ്പ് ഉല്‍പ്പന്നങ്ങളും ലഭ്യമായിരിക്കും. കേര വെളിച്ചെണ്ണ, പൊതുമേഖല സ്ഥാപനങ്ങളുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ സ്റ്റാളുകളും ഉണ്ടാകും.

ഹോര്‍ട്ടികോര്‍പ്പിന്റെ കോഴിക്കോട്, വടകര സബ് സെന്ററുകളുടെ കീഴില്‍ സെപ്റ്റംബര്‍ 11 മുതല്‍ 68 ഓണചന്തകളും പ്രവര്‍ത്തിക്കും. ഇതിന് പുറമെ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരളയുടെതായി (വിഎഫ്പിസികെ) ആറ് കേന്ദ്രങ്ങളിലും ഓണചന്ത നടത്തും.

Description: Onachantas of Agriculture Department in the district from September 11 to 14.