ഒള്ളൂര് സ്കൂള്‍ എന്നും ഓര്‍ക്കും പുളിയഞ്ചേരിയിലെ രമേശന് മാസ്റ്ററെ; രമേശന് വലിയാട്ടിലിന്റെ ധനസഹായത്തോടെ നിര്‍മ്മിച്ച ഗാന്ധി സ്ക്വയര്‍ സ്കൂളിനു സമര്‍പ്പിച്ചു
കൊയിലാണ്ടി: ഒള്ളൂര് ഗവ. യു.പി സ്കൂളിലെ പൂര്‍വ്വാധ്യാപകന്‍ രമേശന് വലിയാട്ടില്‍ ധനസഹായം നല്കി നിര്‍മിച്ച ഗാന്ധിസ്ക്വയര്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനവും ഗാന്ധി പ്രതിമ അനാച്ഛാദനവും കെ.എം.സച്ചിന് ദേവ് എം.എല്‍.എ. നിര്‍വഹിച്ചു.
പന്ത്രണ്ട് വര്‍ഷക്കാലം ഒളളൂര് യു.പി സ്കൂളില്‍ സേവനമനുഷ്ഠിച്ച രമേശന് മാസ്റ്റര്‍ സ്കൂളിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചയാളാണ്. നിലവില്‍ കൊയിലാണ്ടി നഗരസഭാ കൗണ്‍സിലറായ അദ്ദേഹം 2010ല്‍ വിരമിച്ചവേളിയില് സ്കൂളിനുവേണ്ടിയുള്ള തന്റെ സംഭാവനയെന്ന നിലയിലാണ് ഗാന്ധി സ്ക്വയര്‍ നിര്‍മ്മിക്കാന്‍ മുന്നില്‍നിന്നത്. സ്കൂള്‍ മുറ്റത്ത് പടര്‍ന്നുപന്തലിച്ചു നില്ക്കുന്ന മാവിന്റെ ചുവട്ടില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു വിശ്രമകേന്ദ്രം എന്ന നിലയും ക്ലാസ് മുറിയ്ക്ക് പുറത്ത് ക്ലാസ് നടത്തേണ്ട അവസരങ്ങളില്‍ അതിനുള്ള ഇടമായുമൊക്കെയാണ് ഗാന്ധി സ്ക്വയര്‍ നിര്‍മ്മിച്ചത്.
പ്രദേശത്തെ ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞ അധ്യാപകനാണ് അദ്ദേഹം. സ്കൂളിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളിലും സ്കൂളിനെ സമൂഹത്തിലേക്ക് എത്തിക്കുന്നതിലും മഹത്തായ പങ്കുവഹിച്ച അധ്യാപകനായിരുന്നു അദ്ദേഹം. അധ്യാപകനായിരിക്കെ സ്കൂളില്‍ രക്ഷിതാക്കളുടെയും കുട്ടികളുടെയും അറിവ് വര്‍ധിപ്പിക്കാനുള്ള അറിവുത്സവം, പഠനത്തില്‍ പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്കുവേണ്ടി മികവ് എന്നീ പദ്ധതികള്‍ നടപ്പാക്കിയിരുന്നു. കൊയിലാണ്ടി നഗരസഭയില്‍ അഞ്ചാംവാര്‍ഡില്‍ നിന്നും സി.പി.എം പ്രതിനിധിയായി മത്സരിച്ചു ജയിച്ചയാളാണ് രമേശന് മാസ്റ്റര്‍
ഉദ്ഘാടന ചടങ്ങില്‍ ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം.ബാലരാമന് അധ്യക്ഷത വഹിച്ചു. പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ മിനി കരിയാറത്ത് മീത്തല്‍ പതിമൂന്നാം വാര്‍ഡ് മെമ്പര്‍ വി.എം.പവിത്രന്, പതിനാലാം വാര്‍ഡ് മെമ്പര്‍ ടി.കെ.ശിവന്, രമേശന്വലിയാട്ടില്, ഡോ രാമകൃഷ്ണന്, പി.മാധവ കുറുപ്പ്, സി.കെ.ബാലകൃഷ്ണന്, സ്റ്റാഫ് സെക്രട്ടറി ജയദാസന്‍.എന്‍.കെ, എം.പി.ടി.എ. ചെയര്‍പേഴ്സണ്‍ അബിത എം.പി. എന്നിവര്‍ ആശംസ അര്‍പ്പിച്ചു.
പ്രധാനാധ്യാപകന് സത്യന് കെ.കെ.സ്വാഗതവും പി.ടി.എ.പ്രസിഡന്റ് ജസ്ന ടി.കെ. നന്ദിയും പറഞ്ഞു.