പഴയ മേശയും ബെഞ്ചും, ഓലമേഞ്ഞ ചായപ്പീടികയിൽ നിന്ന് ചായയും കടിയും, ഒപ്പം പത്രം വായിച്ച് നാട്ടുവർത്തമാനവും പറയാം; ഗൃഹാതുര സ്മരണകളുണർത്തി കൈവേലിയിലെ ഒരു കല്യാണപ്പൊര


Advertisement

വടകര:  റോഡരികിലായി അല്പം ഉയരത്തില്‍ കെട്ടിയുണ്ടാക്കിയ ഓല പീടിക. അവിടെ വലിയൊരു മേശമേല്‍ നിരത്തി വെച്ച ചില്ലു ഭരണികള്‍, ഭരണിയില്‍ നിറച്ച് വെച്ച മിഠായികള്‍, ഓർര്മ്മകളുണര്‍ത്തി നാരങ്ങാ മിഠായിയും കക്കംമിഠായിയും, കൊള്ളിയപ്പവും മേൽക്കൂരയിൽ തൂക്കിയിട്ടിരിക്കുന്ന നല്ല പഴുത്ത വാഴപഴങ്ങള്‍, ഇരച്ച് കെട്ടിയും കൂട്ടിയിട്ടതുമായ തേങ്ങകള്‍.

കൈവേലി മുള്ളമ്പത്ത് ഇരുമ്പന്തടത്തിലെ എ.പി അശോകന്‍റെ മക്കളായ  അഭിനന്ദിന്റെയും അര്ജുന്റെയും കല്യാണമായിരുന്നു ഇന്നലെ. ഈ കല്ല്യാണത്തിനാണ് നൊസ്റ്റാള്‍ജിക്കായ ചായക്കട നിർമ്മിച്ചത്.

Advertisement

പ്രൊഫഷണൽ നാടക നടൻ കൂടിയായ അശോകന് വലിയ ആഗ്രഹമായിരുന്നു മക്കളുടെ കല്യാണത്തിന് പഴയകാല ചായക്കട എന്നത് . നാട്ടുകാരുടെ പൂർണ്ണ സഹകരണം കൂടിയായപ്പോൾ ആഗ്രഹം സഫലമായി. പ്രദേശത്തെ വീടുകളിലുള്ള പഴയകാല സാധനങ്ങളോരോന്നും ശേഖരിച്ച് അവർ അശോകന് പിന്തുണയുമായി നിന്നു.

Advertisement

പഴയ മേശയും ഇരിപ്പിടങ്ങളും തറയും, വെണ്ണീര്‍ വീണ വിറകടുപ്പും ചെമ്പുമെല്ലാം ഗൃഹാതുരത്വത്തോടെ അതേപടി തന്നെ നിലനിർത്തിയിരിക്കുന്നു. ഒരുഭാഗത്ത് കുമ്മായ ചോക്ക് കൊണ്ടെഴുതിയ പറ്റുകണക്കുകൾ,പഴയ റേഡിയോവില്‍ നിന്നും”തെയ്യത്തിനന്തോ തിന്തിനന്താരോ ” എന്ന നാടൻ പാട്ടിനൊപ്പം ‘വയലും വീടും ‘തുടങ്ങാനുള്ള അറിയിപ്പും കേള്‍ക്കുന്നുണ്ട്.

Advertisement

കല്യാണത്തിന് വന്നവർക്ക് ചായക്കടയിൽ നിന്ന് ചായയും കടിയും കഴിക്കാം. പത്രവും വായിച്ച് ബെഞ്ചിലിരുന്ന് നാട്ടുവർത്തമാനവും പറയാം . കല്യാണ ദിവസം ബിരിയാണി കഴിച്ചവർക്കെല്ലാം ചായക്കടയിൽ നിന്ന് കട്ടനും കുടിച്ച് പിരിയാം. ഇങ്ങനെയായിരുന്നു ചായ പീടിക ഒരുക്കിയിരുന്നത്. ഒരു കാലത്ത് ഗ്രാമത്തിന്റെ അല്ലെങ്കിലൊരു ദേശത്തിന്‍റ തന്നെ സ്പന്ദനമായിരുന്നു ഇത്തരത്തിലുള്ള ചായക്കടകള്‍. ചൂടുള്ള വാര്‍ത്തകളും പുത്തന്‍ വിശേഷങ്ങളും ചായക്ക് കടിയായി കിട്ടിയിരുന്നത് ഇത്തരം ചായക്കടകളിലൂടെയാണ് പോയകാലത്തിന്‍റെ ഓര്‍മ്മകള്‍ സമ്മാനിച്ച ആ ചായക്കടയ്ക്കരികില്‍ നിന്ന് സെല്‍ഫിയും ഫോട്ടോയുമെടുത്താണ് പലരും മടങ്ങിയത്.