സ്പെഷ്യല്‍ ജൂറി അവാര്‍ഡിന്റെ തിളക്കത്തില്‍ ലഹരിവിരുദ്ധ ആല്‍ബം ‘ജാഗ്രത’; മലബാര്‍ സൗഹൃദവേദിയുടെ ടെലിഫിലിം ആല്‍ബം ഡോക്യുമെന്ററി ഫെസ്റ്റിവല്‍ പുരസ്കാരം ഏറ്റുവാങ്ങി കൊയിലാണ്ടിയിലെ പൊലീസ് ഡ്രൈവര്‍ ഒ.കെ.സുരേഷ്
കൊയിലാണ്ടി: മലബാര്‍ സൗഹൃദവേദി അന്തര്‍ദേശീയ തലത്തില്‍ നടത്തിയ ടെലിഫിലിം ആല്‍ബം ഡോക്യുമെന്ററി ഫെസ്റ്റിവല്‍ അവാര്‍ഡ് വിതരണം നടത്തി. കോഴിക്കോട് കൈരളി ശ്രീ തിയേറ്ററിലെ വേദി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് പ്രശസ്ത സിനിമ സംവിധായകന് ഷാജൂണ്‍ കാര്യാല്‍ ഉദ്ഘാടനം ചെയ്തു.
മുന്‍ എം.എല്‍.എ പുരുഷന് കടലുണ്ടി, സിനിമ സംവിധായകന് പി.കെ.ബാബുരാജ് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു. ആല്‍ബം വിഭാഗത്തില്‍ അറുപതോളം ആല്‍ബങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട് സ്പെഷ്യല്‍ ജൂറി അവാര്‍ഡ് നേടിയ ജാഗ്രത എന്ന ലഹരി വിരുദ്ധ ആല്‍ബത്തിന്റെ രചയിതാവും സംവിധായകനും കൂടിയായ കൊയിലാണ്ടിയിലെ പൊലീസ് ഡ്രൈവര്‍ ഒ.കെ.സുരേഷ് വിശിഷ്ടാതിഥികളില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.
കലാസാഹിത്യ രംഗത്തും കാര്‍ഷിക രംഗത്തും സജീവമാണ് ഒ.കെ.സുരേഷ്. 2020-21 വര്‍ഷത്തെ മികച്ച കര്‍ഷകനുള്ള പുരസ്കാരത്തിനും അര്‍ഹനായിരുന്നു.