പോഷകസമൃദ്ധമായ തവിട് കളയാത്ത അരി ഇനി മൂടാടിയില്‍ ലഭിക്കും; ജവാന്‍ കാര്‍ഷിക ഗ്രൂപ്പിന്റെ നെല്‍കൃഷി വിളവെടുത്തു
മൂടാടി: ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നവര്‍ക്കും ഡയറ്റ് ചെയ്യുന്നവര്‍ക്കുമെല്ലാം പോഷകസമൃദ്ധമായ അരി ഇനി മൂടാടിയില്‍ ലഭിക്കും. മൂടാടിയിലെ ജവാന്‍ കാര്‍ഷിക ഗ്രൂപ്പ് കൃഷി ചെയ്ത നെല്ലില്‍ നിന്നുള്ള തവിട് കളയാത്ത അരിയാണ് വിപണിയിലെത്തുന്നത്. മൂടാടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലാണ് ജവാന്‍ കാര്‍ഷിക ഗ്രൂപ്പ് നെല്‍കൃഷി ചെയ്തത്.
ഗ്രാമ പഞ്ചായത്ത് ക്യഷി ഭവന്‍ മുഖേന നല്‍കിയ ജ്യോതി നെല്‍വിത്ത് ഉപയോഗിച്ചാണ് കൃഷി ചെയ്തത്. മൂടാടി കാര്‍ഷിക കര്‍മസേനയുടെ റൈസ് മില്ലിലൂടെ നെല്ല് തവിട് കളയാത്ത അരിയാക്കിമാറ്റും. സി.കെ.ജി.സ്‌കൂള്‍ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ എളമ്പിലാട് എം.എല്‍.പി.സ്‌കൂള്‍ കുട്ടികള്‍ എന്നിവര്‍ കൊയ്തില്‍ പങ്കാളികളായി.
വിളവെടുപ്പ് പന്തലായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജീവാനന്ദന്‍ മാസ്റ്റര്‍, സുഹ്‌റഖാദര്‍, വാര്‍ഡ് മെമ്പര്‍മാരായ ടി.എം.രജുല, എ.വി.ഹുസ്‌ന, അസിസ്റ്റന്റ് ഡയറക്ടര്‍ നന്ദിത, വിപിന്‍മാസ്റ്റര്‍, അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്ന കര്‍ഷകന്‍ ശ്രീധരനെ പി.നാരായണന്‍ മാസ്റ്റര്‍ ആദരിച്ചു. സത്യന്‍ അമ്പിച്ചാകാട് സ്വാഗതവും കൃഷി ഓഫീസര്‍ ഫൗസിയ നന്ദിയും പറഞ്ഞു.