പ്രവാസി വനിതകള്‍ക്ക് മൂന്ന് ശതമാനം നിരക്കില്‍ വായ്പാ സൗകര്യം- വിശദാംശങ്ങള്‍ അറിയാം


കോഴിക്കോട്: കോവിഡ് മഹാമാരിക്കു ശേഷം ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികള്‍ക്കുവേണ്ടിയുള്ള വായ്പാ പദ്ധതികളോട് മികച്ച പ്രതികരണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 6010 വായ്പകളാണ് വിതരണം ചെയ്തത്. പ്രവാസി ഭദ്രത-പേള്‍, പ്രവാസി ഭദ്രത-മൈക്രോ, പ്രവാസി ഭദ്രത-മെഗാ എന്നീ പദ്ധതികളിലൂടെ 5010 സംരംഭവായ്പകളും നിലവിലുണ്ടായിരുന്ന എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിക്ക് കീഴില്‍ 1000 സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ടെന്ന് നോര്‍ക്ക റൂട്ട്‌സ് പറയുന്നു.

പ്രവാസി ഭദ്രത പേള്‍ പദ്ധതി കുടുംബശ്രീ മുഖേനെയാണ് നടപ്പാക്കുന്നത്. സൂക്ഷ്മ സംരംഭങ്ങള്‍ക്കായി രണ്ടു ലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്‍കുന്ന ഈ പദ്ധതിയില്‍ 3081 വായ്പകള്‍ അനുവദിച്ചു. 44 കോടി രൂപ പലിശരഹിത വായ്പ വിതരണം ചെയ്തു.

അഞ്ചു ലക്ഷം വരെയുള്ള സ്വയംതൊഴില്‍ വായ്പകള്‍ അനുവദിക്കുന്ന പ്രവാസി ഭദ്രത -മൈക്രോ പദ്ധതി വഴി 1927 വായ്പകള്‍ അനുവദിച്ചു. കെ.എസ്.എഫ്.ഇ വഴി 1921 വായ്പകളും കേരളാ ബാങ്ക് വഴി ആറ് വായ്പകളുമായി നല്‍കിയത്. 90.41 കോടി രൂപ വായ്പ ഇനത്തില്‍ നല്‍കി.

കെ.എസ്.ഐ.ഡി.സി വഴിയാണ് മെഗാ വായ്പ അനുവദിക്കുന്നത്. 8.25 മുതല്‍ 8.75 വരെയാണ് കെ.എസ്.ഐ.ഡി.സിയുടെ സാധാരണ വായ്പകളുടെ പലിശ നിരക്ക്. ഇതില്‍ 3.25 ശതമാനം മുതല്‍ 3.75 ശതമാനം വരെ നോര്‍ക്ക റൂട്ട്‌സ് സബ്‌സിഡി അനുവദിച്ചുകൊണ്ടാണ് പ്രവാസി ഭദ്രത -മെഗാ വായ്പ അനുവദിക്കുന്നത്.

കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികള്‍ക്കായി ആവിഷ്‌കരിച്ച സംരംഭക സഹായ പദ്ധതികളില്‍ നൂറു ശതമാനം ധനവിനിയോഗമാണ് ഉണ്ടായതെന്നും നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു. വ്യത്യസ്ത തലങ്ങളിലെ സ്വയംസംരംഭകരെ സഹായിക്കുന്നതിന് 2021-22 വര്‍ഷത്തില്‍ നടപ്പാക്കിയ പ്രവാസി ഭദ്രത പദ്ധതികള്‍ പ്രവാസികള്‍ പൂര്‍ണമായി ഏറ്റെടുത്തതായും നോര്‍ക്ക റൂട്ട്സ് ചൂണ്ടിക്കാട്ടുന്നു.

വനിതകള്‍ക്കായി നോര്‍ക്ക വനിതാമിത്രം സംരംഭകവായ്പയാണ് നോര്‍ക്കയും വനിതാ വികസന കോര്‍പ്പറേഷനും ചേര്‍ന്ന് ആവിഷ്‌കരിച്ചിരിക്കുന്നത്. മൂന്നു ശതമാനം പലിശ നിരക്കില്‍ 15 ശതമാനം മൂലധന സബ്സിഡിയോടെയുള്ള ഈ വായ്പ വിദേശത്തു നിന്നും തിരിച്ചെത്തിയ വനിതകള്‍ക്കുള്ള മികച്ച സംരംഭക പദ്ധതിയാണ്. രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്ത ശേഷം സ്ഥിരതാമസത്തിനായി നാട്ടില്‍ തിരിച്ചെത്തിയ വനിതകള്‍ക്കാണ് വായ്പ ലഭിക്കുക.

വായ്പയെ കുറിച്ചുള്ള വിശദാംശങ്ങള്‍ക്ക് വനിതാ വികസന കോര്‍പ്പറേഷന്റെ 0471 2454585, 2454570, 9496015016 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുകയോ നോര്‍ക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം ഹെഡ്ഓഫിസിലെ 0471 2770511 എന്ന ഫോണ്‍ നമ്പരിലോ 18004253939 എന്ന ടോള്‍ ഫ്രീ നമ്പരിലോ ബന്ധപ്പെടാവുന്നതുമാണ്. 0091 880 20 12345 എന്ന നമ്പരില്‍ വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനവും ലഭ്യമാണ്.