വനിതകള്‍ക്കായി ഹെല്‍ത്ത് ക്യാമ്പയിനുമായി നൊച്ചാട് ഗ്രാമപഞ്ചാത്ത്; ശ്രദ്ധേയമായി ‘ഷീ’ ക്യാമ്പയിന്
നൊച്ചാട്: കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പിന്റ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നൊച്ചാട് ഗ്രാമ പഞ്ചായത്തും ആയുഷ് പ്രൈമറി ഹെൽത്ത് സെന്ററും സംയുക്തമായി ചെറുവാളൂർ എൽ.പി സ്കൂളിൽ ” ഷീ ” ക്യാമ്പയിന് സംഘടിപ്പിച്ചു. നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി ഉദ്ഘാടനം ചെയ്തു.
നൊച്ചാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി കൊട്ടാരക്കൽ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. പ്രിയേന്ദു (എംഒ, എപിഎച്ച്സി, നൊച്ചാട്) സ്ട്രെസ് മാനേജ്മെന്റ് , ആർത്തവ പ്രശ്നങ്ങള്‍ എന്നിവയെക്കുറിച്ച് ക്ലാസെടുത്തു. ഡോ.സുനിത ശ്രീധർ( (എംഒ, എപിഎച്ച്സി അഴിയൂർ) ഏകാരോഗ്യം, നല്ല ആരോഗ്യ ശീലങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു. ഡോ. സുഷമ ദേവി (എംഒ, എപിഎച്ച്സി ചേമഞ്ചേരി) ഹോമിയോപ്പതി വകുപ്പിലെ വിവിധ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു.
വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശോഭന വൈശാഖ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു അമ്പാളി, ബ്ലോക്ക് മെമ്പർ പ്രഭ ശങ്കർ, എ.പി ബാലകൃഷ്ണൻ( എച്ച് എം സി) എന്നിവർ ആശംസ അർപ്പിച്ചു. വാർഡ് മെമ്പർ സുമേഷ് തിരുവോത്ത് നന്ദി പറഞ്ഞു. ഡോ. രേഖ(എംഒ, എപിഎച്ച്സി, കായക്കൊടി) ക്യാമ്പിന് നേതൃത്വം നൽകി.