നാല് തിയേറ്ററുള്ള കൊയിലാണ്ടിയിൽ ഇന്ന് പ്രവർത്തിക്കുന്നത് പേരിനൊന്നുമാത്രം, സിനിമ കാണാൻ കൊയിലാണ്ടിക്കാർ 20 കിലോ മീറ്ററിലേറെ പോകേണ്ട അവസ്ഥ


കൊയിലാണ്ടി: നാല് തിയേറ്ററുകളുണ്ടായിരുന്ന കൊയിലാണ്ടിയിലെ സിനിമാ ആസ്വാദകര്‍ക്ക് ഇന്ന് സിനിമ കാണണമെങ്കില്‍ ചുരുങ്ങിയത് ഇരുപത് കിലോമീറ്ററെങ്കിലും ദൂരെയുള്ള തിയേറ്ററുകളെ ആശ്രയിക്കേണ്ട സ്ഥിതി. അമ്പാടി, ദ്വാരക, കൃഷ്ണ, ചിത്ര എന്നീ തിയേറ്ററുകളുണ്ടായിരുന്നിടത്ത് ഇന്ന് പേരിനെങ്കിലും പ്രവര്‍ത്തിക്കുന്നത് അമ്പാടി തിയേറ്റര്‍ മാത്രമാണ്. അതാകട്ടെ ഇന്നത്തെ സിനിമാ ആസ്വാദകര്‍ക്കും സിനിമകള്‍ക്കും പറ്റിയ സാങ്കേതിക വിദ്യയിലും സൗകര്യത്തിലുമല്ല മുന്നോട്ടുപോകുന്നതെന്നതിനാല്‍ ആളുകള്‍ അവഗണിക്കുന്ന സ്ഥിതിയിലുമാണ്.

ചിത്ര തിയേറ്റര്‍ ഏറെക്കാലം മുമ്പേ പൂട്ടിയിരുന്നു. ഒന്നുരണ്ട് വര്‍ഷം മുമ്പാണ് കൃഷ്ണ തിയേറ്റര്‍ പൂട്ടിയത്. ദ്വാരക തിയേറ്റര്‍ മൂന്ന് മാസം മുമ്പും പൂട്ടേണ്ടി വന്നു. കോവിഡിന് ശേഷമാണ് തിയേറ്റര്‍ ബിസിനസ് രംഗത്ത് ഇത്ര വലിയ തകര്‍ച്ച നേരിടേണ്ടിവന്നതെന്നും നഷ്ടം കാരണമാണ് ദ്വാരക തിയേറ്റര്‍ പൂട്ടിയതെന്നുമാണ് തിയേറ്റര്‍ ഉടമയായ ബാബു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്.

”കോവിഡിന് ശേഷമാണ് കളക്ഷന്‍ ഇത്രയും ഇടിഞ്ഞത്. വലിയ സൗകര്യങ്ങളൊന്നുമില്ലാതെ ആളുകള്‍ വരികയുമില്ല. ടിക്കറ്റ് ചാര്‍ജും വര്‍ധിപ്പിക്കണം. എണ്‍പത് രൂപ ടിക്കറ്റ് കൊണ്ട് മുന്നോട്ടുകൊണ്ടുപോകാനുമാവില്ല. 65% വിതരണക്കാര്‍ക്ക് കൊടുക്കേണ്ട കമ്മീഷനും നികുതിയും മറ്റ് ചിലവുകളും കഴിച്ചാല്‍ മലയാള സിനിമകളില്‍ നിന്നും തിയേറ്ററുകാര്‍ക്ക് കാര്യമായി ഒന്നും കിട്ടില്ല. കോവിഡിന് ശേഷമാണ് ഇത്രയും തകര്‍ന്നത്. ഏതെങ്കിലും ഒരുപടം കളക്ഷനാവും ബാക്കിയെല്ലാം ലോസാവും. മൊത്തത്തില്‍ നോക്കിയപ്പോള്‍ പതിനഞ്ച് ലക്ഷത്തോളം നഷ്ടംവന്നപ്പോഴാണ് തിയേറ്റര്‍ അടച്ചുപൂട്ടിയത്.” അദ്ദേഹം പറയുന്നു.

കോവിഡിന് ശേഷം സിനിമകള്‍ ഒ.ടി.ടിയില്‍ കാണുന്ന ശീലം വര്‍ധിച്ചിട്ടുണ്ട്. തിയേറ്ററുകളില്‍ റിലീസാകുന്ന ചിത്രം മൂന്നോ നാലോ ആഴ്ചയ്ക്കുശേഷം ഒ.ടി.ടിയില്‍ വരും. പിന്നെ എന്തിന് തിയേറ്ററുകളില്‍ കാണണമെന്ന് ആളുകള്‍ ചിന്തിക്കും. അത്രയും തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ആവശ്യപ്പെടുന്ന ചിത്രങ്ങളാണ് ആളുകള്‍ കൂടുതലായി കാണാനെത്തുന്നത്. അത് ആസ്വദിക്കാനൊത്ത സാങ്കേതിക മികവ് തിയേറ്ററിനില്ലാത്തതും ബിസിനസിനെ ബാധിച്ചിട്ടുണ്ടെന്ന് ബാബു സമ്മതിക്കുന്നു.

കെട്ടിടം പുതുക്കി പണിത് മൂന്ന് തിയേറ്ററുള്ള മള്‍ട്ടിപ്ലക്‌സ് ആക്കണമെങ്കില്‍ അഞ്ച് കോടിയോളം ചെലവുവരും. ഇത്രയും ഫണ്ട് ഇറക്കുന്നത് വലിയ റിസ്‌കാണ്. എന്ത് ചെയ്യാന്‍ കഴിയുമെന്ന ആലോചനയിലാണെന്നും അദ്ദേഹം പറഞ്ഞു.

പേരാമ്പ്രയിലെയോ ബാലുശ്ശേരിയിലെയോ കോഴിക്കോട്ടെയോ വടകരയിലെയോ തിയേറ്ററുകളെയാണ് കൊയിലാണ്ടിക്കാര്‍ ഇപ്പോള്‍ ആശ്രയിക്കുന്നത്. കൊയിലാണ്ടിയില്‍ നിന്നും സിനിമ കാണാന്‍ താല്‍പര്യമില്ലാത്തതല്ല, മറിച്ച് സൗകര്യങ്ങളില്ലാത്തതാണ് ആളുകള്‍ പുറത്തേക്ക് പോകാന്‍ കാരണമെന്നാണ് കൊയിലാണ്ടിയിലെ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകനായ വൈശാഖ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്. മള്‍ട്ടിപ്ലക്‌സുകളില്‍ സാങ്കേതിക മികവോടെ കണ്ടുശീലിച്ചവര്‍ക്ക് കൊയിലാണ്ടിയിലെ തിയേറ്ററുകളിലെ പരിമിതികള്‍ക്കുള്ളില്‍ നിന്നുള്ള കാഴ്ച ആസ്വദിക്കാന്‍ കഴിയാറില്ലെന്നും അദ്ദേഹം പറയുന്നു. മികച്ച ഒരു തിയേറ്റര്‍ സൗകര്യം കൊയിലാണ്ടിയില്‍ കൊണ്ടുവരികയെന്നത് ആസ്വാദകരുടെ കാലങ്ങളായുള്ള ആവശ്യമാണന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഥിരമായി ഷോയുള്ള രീതിയിലല്ല കൊയിലാണ്ടിയിൽ നിലവിൽ പ്രവർത്തിക്കുന്ന അമ്പാടി തിയേറ്ററിന്റെ അവസ്ഥ. അത്യാവശ്യം കളക്ഷൻ കിട്ടാൻ സാധ്യതയുണ്ടെന്ന് തോന്നുന്ന സിനിമകളാണ് നിലവിൽ തിയേറ്ററിൽ പ്രദർശിപ്പിക്കുന്നതെന്ന് തിയേറ്റർ അധികൃതർ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. തിയേറ്ററുകളിൽ കോളിളക്കം സൃഷ്ടിച്ച 2018 ചിത്രമാണ് ഇപ്പോൾ അമ്പാടിയിൽ പ്രദർശിപ്പിക്കുന്നത്. അതിന് മുമ്പേ സംസ്ഥാനത്തൊട്ടാകെ മികച്ച കലക്ഷൻ നേടിയ രോമാഞ്ചമാണ് പ്രദർശനത്തിനുണ്ടായിരുന്നത്. ഇതിനിടയിൽ മറ്റ് സിനിമകളൊന്നും പ്രദർശിപ്പിച്ചില്ലെന്നും തിയേറ്റർ അടച്ചിട്ടതാണെന്നും അവർ പറഞ്ഞു.

ചിത്ര തിയേറ്റർ ഉദ്ഘാടന വേളയില്‍

സിനിമാ തിയേറ്റർ വ്യവസായത്തെ കോവിഡ് നല്ലരീതിയിൽ ബാധിച്ചിരുന്നു. അതിന് ശേഷം ആളുകൾ കുടുംബമായി സിനിമ കാണാനെത്തുന്നത് കുറഞ്ഞുവെന്നും അമ്പാടി തിയേറ്റർ അധികൃതർ പ്രതികരിച്ചു. ഒ.ടി.ടിയിൽ മൊബെെൽ ഫോണിൽ സിനിമ കാണുന്ന പ്രവണത വർദ്ധിച്ചു. അതിനാൽ തന്നെ നല്ല തിയേറ്റർ എക്സ്പീരിയൻ ആവശ്യമുള്ളവയ്ക്ക് മാത്രമാണ് ആളുകൾ കൂട്ടത്തോടെ എത്തുന്നതെന്നും അവർ കൂട്ടിച്ചേർത്തു.