തിരുവാതിര ഞാറ്റുവേല തുടങ്ങി, പഴഞ്ചൊല്ലുകൾ തെറ്റിച്ച് കാലവര്‍ഷം; കോഴിക്കോട് ജില്ലയിൽ ഇത്തവണ മഴയിലെ കുറവ് 73 ശതമാനം
കോഴിക്കോട്: ‘തിരുവാതിര ഞാറ്റുവേലയില്‍ തിരിമുറിയാ മഴ’ എന്നാണ് പഴഞ്ചൊല്ല്. കാലങ്ങളായി തിരുവാതിര ഞാറ്റുവേല തുടങ്ങിയ ശേഷം പെയ്യുന്ന കനത്ത മഴ കാലങ്ങളായി നിരീക്ഷിച്ചവരാകും ഈ പഴഞ്ചൊല്ല് പറഞ്ഞുതുടങ്ങിയത്. എന്നാല്‍ മഴ ഈ പഴഞ്ചൊല്ല് തെറ്റിക്കുന്ന കാഴ്ചയാണ് ഇത്തവണ മലയാളികള്‍ കാണുന്നത്.
വ്യാഴാഴ്ചയാണ് തിരുവാതിര ഞാറ്റുവേല ആരംഭിച്ചത്. രണ്ടാഴ്ചത്തോളമാണ് ഞാറ്റുവേല നീണ്ടുനില്‍ക്കുക. ഇക്കാലയളവില്‍ തുടര്‍ച്ചയായ മഴയാണ് കേരളത്തില്‍ പെയ്യുക. എന്നാല്‍ ഞാറ്റുവേല തുടങ്ങി ഒരു ദിവസം പിന്നിട്ടിട്ടും കേരളത്തെ തൊടാന്‍ മടിക്കുകയാണ് മഴ. ജൂണ്‍ എട്ടിന് തുടങ്ങിയ കാലവര്‍ഷവും സംസ്ഥാനത്ത് ഇതുവരെ സജീവമായിട്ടില്ല.
ജൂണ്‍ ഒന്ന് മുതല്‍ കഴിഞ്ഞ ദിവസം വരെ ലഭിക്കേണ്ട മഴയില്‍ 62 ശതമാനത്തിന്റെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. കോഴിക്കോട് ജില്ലയില്‍ മാത്രം 73 ശതമാനത്തിന്റെ കുറവുണ്ട്. ഗുജറാത്ത് തീരത്ത് വീശിയടിച്ച ബിപോര്‍ജോയി ചുഴലിക്കാറ്റ് മഴയെ വലിച്ചെടുത്തതാണ് കേരളത്തിലെ മഴക്കുറവിന് കാരണം.
അതേസമയം ജൂണ്‍ അവസാനത്തോടെ കാലവര്‍ഷം സജീവമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലിലും മറ്റും കാറ്റ് സജീവമായിട്ടുണ്ട്. മാസാവസാനത്തോടെ ന്യൂനമര്‍ദവും എത്തിയേക്കും. ജൂലൈയില്‍ സാമാന്യം ഭേദപ്പെട്ട തോതില്‍ മഴ ലഭിച്ചേക്കും എന്നാണ് അനുമാനം.
ഞാറ്റുവേല
മലയാളികളുടെ കാര്‍ഷിക ചക്രം രൂപപ്പെടുത്തിയത് ഞാറ്റുവേലകളെ അടിസ്ഥാനമാക്കിയതാണ്. ഞാറ്റുവേലകളുടെ രാജാവ് എന്നാണ് ”തിരുവാതിര ഞാറ്റുവേല അറിയപ്പെടുന്നത്. ഒരു കാര്‍ഷിക വര്‍ഷത്തിന്റെ ആരംഭവും തിരുവാതിര ഞാറ്റുവേല തുടങ്ങുന്ന ദിനത്തിലാണ്. ഈ വര്‍ഷത്തെ തിരുവാതിര ഞാറ്റുവേല ജൂണ്‍ 22ന് വൈകുന്നേരം 5.48 മുതല്‍ ആരംഭിച്ചു.
മേടം മുതല്‍ മീനം വരെ 12 മാസങ്ങളിലായി 27 ഞാറ്റുവേലകള്‍ ഉണ്ട്. അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രങ്ങളുടെ പേരിലാണ് ഇവ അറിയപ്പെടുന്നത്. ഓരോ ഞാറ്റുവേലയും 13-14 ദിവസമാണ്. എന്നാല്‍, തിരുവാതിര ഞാറ്റുവേല മാത്രം 15 ദിവസം വരെ നീണ്ടുനില്‍ക്കും. അശ്വതി മുതല്‍ രേവതി വരെയുള്ള ഓരോ ഞാറ്റുവേലയിലും ഏതെല്ലാം കൃഷിപ്പണികള്‍ ചെയ്യണം എന്നറിയാന്‍ വ്യക്തമായ കാര്‍ഷിക കലണ്ടര്‍ പഴമക്കാര്‍ ഉണ്ടാക്കിയിരുന്നു.
കുരുമുളക് നടാന്‍ പറ്റിയ സമയവും തിരുവാതിര ഞാറ്റുവേലയാണ്. ”തിരുവാതിര ഞാറ്റുവേലയില്‍ തിരിമുറിയാ മഴ” എന്നാണ് പഴഞ്ചോല്ല്. തിരുവാതിരയില്‍ നൂറ്റൊന്നു മഴ, നൂറ്റൊന്നു വെയില്‍ എന്നുമുണ്ട് ചൊല്ല്. തിരുവാതിര ഞാറ്റുവേല ജൂണ്‍ 22ന് ആരംഭിച്ചെങ്കിലും മഴ ഇപ്പോഴും ശക്തിപ്രാപിച്ചിട്ടില്ല.
27 ഞാറ്റുവേലകളില്‍ ഏറ്റവും കേമം തിരുവാതിര ഞാറ്റുവേല തന്നെയാണ്. ഫലവൃക്ഷത്തൈകളും ചെടികളും കാര്‍ഷിക വിളകളും നടാനും മാറ്റി നടാനും പറ്റിയ സമയമാണിത്. മാവിന്റെയും പ്ലാവിന്റെയും കമ്പ് പോലും ഈ സമയത്ത് കുത്തിയാല്‍ വളരുമെന്നാണ് വിശ്വാസം.
സൂര്യന്‍ ഏതു നക്ഷത്രക്കൂട്ടത്തിനൊപ്പമാണു കാണപ്പെടുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഞാറ്റുവേലകള്‍ക്കു പേരിട്ടിരിക്കുന്നത്. അശ്വതി നക്ഷത്രക്കൂട്ടത്തിനു നേരെ കാണപ്പെടുന്ന കാലം അശ്വതി ഞാറ്റുവേല. ഭരണി നക്ഷത്രക്കൂട്ടത്തിനു നേരെ കാണപ്പെടുന്ന കാലം ഭരണി ഞാറ്റുവേല. അങ്ങനെ
മുന്‍കാലങ്ങളില്‍ തിരുവാതിര ഞാറ്റുവേലയ്ക്കുവേണ്ടി ഒരുപാട് ഒരുക്കങ്ങള്‍ നടക്കും. കൃഷിയ്ക്ക് വേണ്ട നടീല്‍ വസ്തുക്കളെല്ലാം തയ്യാറാക്കി വെച്ചിട്ടുണ്ടാകും. ഇടവമാസത്തിലെ കനത്ത മഴയും അതിനെ തുടര്‍ന്ന് ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നും എക്കല്‍ മണ്ണ് ഒലിച്ചു കൃഷിയിടങ്ങളില്‍ വന്നടിയുന്നു. ഈ ഫലഭൂയിഷ്ഠമായ മണ്ണാണ് അന്നത്തെ കൃഷിയുടെ ഏറ്റവും വലിയ വളം.
തിരുവാതിര ഞാറ്റുവേലയുടെ തുടക്കത്തില്‍ മഴ പെയ്യാത്തത് കര്‍ഷകരെ ആശങ്കയിലാക്കുന്നുണ്ട്. ഗുജറാത്ത് തീരത്ത് ന്യൂനമര്‍ദം ശക്തിപ്പെട്ടതിനാലാണ് വയനാട്ടിലുള്‍പ്പെടെ സംസ്ഥാനത്ത് പലയിടത്തും മഴ വൈകുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. ഇതോടെ നെല്‍ക്കൃഷി തുടങ്ങാനും വളപ്രയോഗം നടത്താനും കഴിയാതെ വിഷമത്തിലാണ് കര്‍ഷകര്‍.