ചെറുവണ്ണൂർ പഞ്ചായത്തിൽ ഇടത് ഭരണം അവസാനിക്കുമോ? അവസരം മുതലെടുക്കാൻ യു.ഡി.എഫ്; അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി


പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. 15 അംഗ ബോര്‍ഡില്‍ എല്‍.ഡി.എഫിന് എട്ടും യു.ഡി.എഫിന് ഏഴും സീറ്റുകളാണുള്ളത്. പഞ്ചായത്ത് പ്രസിഡന്റായ സി.പി.ഐയിലെ ഇ.ടി. രാധ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായതിനാല്‍, ദീര്‍ഘകാല അവധിയിലാണ്. അതിനാല്‍ ഭരണ സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല. ഇരു മുന്നണികള്‍ക്കും ഏഴുവീതം അംഗങ്ങളായിരിക്കും ഉണ്ടാവുക. പഞ്ചായത്തില്‍ സി.പി.എം ഘടകകക്ഷികളുമായി അത്ര രസത്തിലല്ല.

എട്ട് സീറ്റുകളുള്ള എല്‍.ഡി.എഫില്‍ സി.പി.എമ്മിന് അഞ്ചും സി.പി.ഐക്ക് രണ്ടും എല്‍.ജെ.ഡിക്ക് ഒരു സീറ്റുമാണുള്ളത്. ചെറുവണ്ണൂര്‍ സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് എല്‍.ജെ.ഡിയുമായും അത്ര രസത്തിലല്ല. ഒരംഗം വിട്ടു നിന്നാല്‍ പോലും പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പാസാവും അതുകൊണ്ടുതന്നെ സി.പി.എം വളരെ ഗൗരവത്തോടെയാണ് അവിശ്വാസ പ്രമേയത്തെ കാണുന്നത്.

പ്രസിഡന്റ് സ്ഥാനം സി.പി.ഐക്ക് നല്‍കിയെങ്കിലും സമ്പൂര്‍ണമായി സി.പി.എം നിയന്ത്രണത്തിലാണ് ഭരണമെന്ന് സി.പി.ഐക്ക് പരാതിയുണ്ട്. പ്രസിഡന്റിന്റെ ഡ്രൈവറെപോലും നിയമിക്കാന്‍ സി.പി.ഐയെ അനുവദിക്കാത്തതില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ആവള റോഡ് ഉപരോധത്തെ തുടര്‍ന്ന് സി.പി.എമ്മും സി.പി.ഐയും തമ്മില്‍ സംഘര്‍ഷമുണ്ടായി.

അതേസമയം ഗ്രാമസഭ അംഗീകരിച്ച പദ്ധതികള്‍ മിക്കവയും മുടങ്ങിക്കിടക്കുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കൃഷിക്കാര്‍ക്കുള്ള വളം സബ്‌സിഡി, തെങ്ങിന്‍തൈ ആനുകൂല്യം, സുഫലം പദ്ധതി തുടങ്ങിയവയെല്ലാം മുടങ്ങി. തൊഴിലുറപ്പ് പദ്ധതിയില്‍ ടെന്‍ഡര്‍ കഴിഞ്ഞ റോഡുകളുടെ മസ്റ്റ്‌റോള്‍ കൊടുക്കാന്‍ സാധിച്ചിട്ടില്ലെന്ന് യെന്ന് യു ഡി എഫ് യോഗം ചൂണ്ടിക്കാട്ടി. ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം നല്‍കേണ്ട ആട്ടിന്‍ കുട്ടി, കാലിത്തൊഴുത്ത്, കിണര്‍, കമ്പോസ്റ്റ് എന്നിവയൊന്നും ഇതേവരെ ലഭ്യമാക്കിയിട്ടില്ല. വാര്‍ഡുകളില്‍നിന്ന് ശേഖരിച്ച മാലിന്യം പഞ്ചായത്ത് ഓഫീസിനു സമീപം കെട്ടിക്കിടക്കുകയാണ്. പച്ചക്കറി ഗ്രോബാഗിന് 200 രൂപ അടച്ചവര്‍ക്ക് മഴക്കാലം തുടങ്ങിയിട്ടും നല്‍കിയിയിട്ടില്ല. അഗ്രോ സെന്ററില്‍ ഉള്‍പ്പെടെ അഴിമതിയും സ്വജനപക്ഷപാതവുമാണ് ഭരണത്തിന്റെ മുഖമുദ്രയെന്നും യു.ഡി.എഫ് ആരോപിച്ചു.

അവിശ്വാസ പ്രമേയത്തിന്റെ സാഹചര്യത്തില്‍ എല്‍.ഡി.എഫ് ജില്ലാ നേതൃത്വം ഇടപെട്ട് പ്രശ്‌നം പരിഹരിക്കുമെന്നാണ് ഇടതു ക്യാമ്പിലെ പ്രതീക്ഷ.