ഇന്ന് ലേലം ഇല്ല; കാളക്കുട്ടനെ ലേലം ചെയ്യുന്നത് നിര്‍ത്തിവെച്ചതായി നഗരസഭ


കൊയിലാണ്ടി: നഗരസഭയില്‍ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന കാളക്കുട്ടനെ ലേലം ചെയ്യുന്നത് നിര്‍ത്തിവെച്ചതായി നഗരസഭ സെക്രട്ടറി അറിയിച്ചു. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നഗരസഭ ലേലം നിര്‍ത്തിവെച്ചതായി അറിയിച്ചിരിക്കുന്നത്.

ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ആറാം വാര്‍ഡിലെ മേനോക്കി വീട്ടില്‍ താഴെ സുകുമാരന്റെ വീട്ടുമുറ്റത്തുവെച്ച് കാളക്കുട്ടനെ ലേലം ചെയ്യുമെന്നാണ് നഗരസഭ അറിയിച്ചിരുന്നത്.

ഏകദേശം ഒരു വയസ് പ്രായവും നൂറു കിലോ തൂക്കവും വരുന്ന കാളക്കുട്ടന്‍ നഗരസഭാ പ്രദേശത്ത് ഉടമസ്ഥനില്ലാതെ അലഞ്ഞുതിരിയുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ലേലം ചെയ്യാന്‍ അധികൃതര്‍ തീരുമാനിച്ചത്.