റാങ്ക് ലിസ്റ്റ് നിലവില്‍ നിന്ന് ആറുമാസമായിട്ടും നിയമനമില്ല; സ്റ്റാഫ് നേഴ്‌സ് ഗ്രേഡ് രണ്ട് നിയമനങ്ങള്‍ വൈകുന്നതില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശങ്ക
കൊയിലാണ്ടി: സ്റ്റാഫ് നേഴ്‌സ് (ഗ്രേഡ് – രണ്ട്) ജില്ലാതല റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നതില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍. ആരോഗ്യ വകുപ്പിലെ സ്റ്റാഫ് നേഴ്‌സ് റാങ്ക് ലിസ്റ്റ് നിലവില്‍ വന്ന് ആറ് മാസത്തോളം ആകുമ്പോഴും കാലാവധി അവസാനിച്ച റാങ്ക് ലിസ്റ്റില്‍ ഒഴിവ് വന്ന 12 നിയമനങ്ങള്‍ മാത്രമാണ് കോഴിക്കോട് ജില്ലയില്‍ ഇതുവരെ നടന്നതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.
ആരോഗ്യവകുപ്പിനു കീഴിലുള്ള ആശുപത്രികളില്‍ പി.എസ്.സി റാങ്ക് ലിസ്റ്റിനെ നോക്കു കുത്തിയാക്കി താത്കാലിക നിയമനങ്ങള്‍ നടന്നു വരുന്നുണ്ട്. ഇങ്ങനെ താത്കാലിക നിയമനങ്ങള്‍ നടക്കുന്നതിനാല്‍ നിലവിലുള്ള ഒഴിവുകള്‍ ശ്രദ്ധിക്കപ്പെടുന്നില്ല എന്നാണ് ഉദ്യോഗാര്‍ഥികളുടെ പരാതി. വര്‍ഷങ്ങളുടെ അധ്വാനഫലമായി റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചവരുടെ അവസരങ്ങളാണ് ഇതുമൂലം ഇല്ലാതാകുന്നത്.
താത്കാലിക നിയമങ്ങള്‍ക്ക് അനുസൃതമായി ഒഴിവുകളും നികത്തിപോകാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം. പല ആശുപത്രികളില്‍ നിന്നും ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്ന് ആക്ഷേപമുണ്ട്.