ഇന്ന്, ഇന്നും കൂടി മാത്രം! മുന്തിരി, വിയറ്റ്നാം ഏർളി, തായ്ലാൻറ് പേര തുടങ്ങി കടൽ കടന്നെത്തിയ ഫലവൃക്ഷങ്ങളോടൊപ്പം തനി നാടൻ സസ്യങ്ങളും വാങ്ങാം; വരൂ മൂടാടിയിലെ ഞാറ്റുവേലച്ചന്തയിലേക്ക്


മൂടാടി: മൂടാടിയിൽ ആഘോഷമാണ്, അത്ഭുതമാണ്… കേട്ടിട്ടില്ലാത്ത നിരവധി ഫലസസ്യങ്ങളും തനി നാടൻ വൃക്ഷ തൈകളുമാണ് വിൽപ്പനയ്ക്കായി ഒരുങ്ങിയിരിക്കുന്നത്. ഇന്നലെ ആരംഭിച്ച വിപണന മേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.

മല്ലിക, പ്രിയൂർ, മൂവാണ്ടൻ, അമ്രപാലി, ബെങ്കനപ്പള്ളി, ഹിമപസന്ത് തുടങ്ങിയ ഒട്ടുമാവുകൾ, വിയറ്റ്നാം ഏർളി, സിന്ദൂര വരിക്ക ,സിന്ധു റെഡ് തുടങ്ങിയ പ്ലാവ് ഗ്രാഫ്റ്റുകൾ എന്നിവ കൂടാതെ മാങ്കോസ്റ്റീൻ, മുന്തിരി, സപ്പോട്ട, രക്തചന്ദനം, ചെറുനാരകം, തായ്ലാൻറ് പേര, വയലറ്റ് പേര, മുന്തിരിപ്പേര, മലേഷ്യൻ കുള്ളൻ തെങ്ങ്, ഗംഗാബോണ്ടം തെങ്ങ്, ഡി.എക്സ്.ടി തെങ്ങ്, കുറ്റിക്കുരുമുളക്, അത്തി എന്നിവ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഇൻ്റർ മംഗള, മോഹിത് നഗർ, മംഗള, കാസറഗോഡൻ കവുങ്ങ് തൈകൾ, പന്നിയൂർ കുരുമുളക് തൈകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

ഇതിനോടൊപ്പം തന്നെ കാർഷിക സർവ്വകലാശാലയുടെ പച്ചക്കറി വിത്തുകൾ, ജൈവ കീടനാശിനി (രക്ഷ), സൂക്ഷ്മമൂലക മിശ്രിതം – അയർ, സമ്പൂർണ്ണ, ജീവാണു കീടനാശിനികളായ ബ്യുവേറിയ, വാം, ട്രൈക്കോഡർമ സംപുഷ്ടീകരിച്ച ആട്ടിൻ കാഷ്ടം, സ്യൂഡോമോണാസ് എന്നിവയും വിപണമേളയിൽ ഉണ്ട്.

സസ്യങ്ങളോടൊപ്പം തന്നെ കാർഷിക കർമ്മ സേനയുടെ ഉൽപ്പന്നങ്ങളും ഇവിടെ ലഭ്യമാണ്. തവിടു കളയാത്ത മൂടാടി അരി, മൂടാടി കുത്തരി, ട്രൈക്കോ പ്ലസ് ജൈവ വളം, ഫിഷ് അമിനോ ആസിഡ്, എല്ലുപൊടി, പിണ്ണാക്കുകൾ, കുമ്മായം, എപ്സം സാൾട്ട്, രാസവള മിശ്രിതങ്ങൾ, പോട്ടിങ്ങ് മിശ്രിതം നിറച്ച ഗ്രോബാഗ്, മിശ്രിതം നിറക്കാത്ത ഗ്രോബാഗ്, ഹൈബ്രിഡ് പച്ചക്കറി വിത്തുകൾ, പൂച്ചട്ടികൾ ( പ്ലാസ്റ്റിക്ക്, മൺചട്ടി), സ്പ്രയറുകൾ , മറ്റു കാർഷിക ഉപകരണങ്ങളും വാങ്ങാനാവും.

ഞാറ്റുവേലയിലെ മറ്റൊരു ഹൈലൈറ് ആയി നേന്ത്രവാഴക്കന്നും ഹരിത കഷായവും സൗജന്യമായി നൽകുന്നു. പച്ചക്കറികൾക്കും അലങ്കാര സസ്യങ്ങൾക്കും വളമായും രോഗപ്രതിരോധശേഷിക്കു വേണ്ടിയും ഹരിത കഷായം ഉപയോഗിക്കാം. 50 മി.ലി. ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ സ്പ്രേ ചെയ്തോ, 100 മി.ലി. ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തടത്തിൽ ഒഴിച്ചോ വേണം ഹരിത കഷായം ഉപയോഗിക്കാൻ. ഞാറ്റുവേല ചന്ത ഇന്ന് വൈകിട്ടോടെ അവസാനിക്കും.