സുരേഷ് ചങ്ങാടത്ത് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകും; സത്യപ്രതിജ്ഞ നാളെ



പയ്യോളി: സുരേഷ് ചങ്ങാടത്ത് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി നാളെ സത്യപ്രതിജ്ഞ ചെയ്യും. ബുധനാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് തെരഞ്ഞെടുപ്പ് നടക്കുക. മേലടി ബ്ലോക്കില്‍ എല്‍.ഡി.എഫിന് മികച്ച ഭൂരിപക്ഷമുണ്ടെന്നതിനാല്‍ സുരേഷ് ചങ്ങാടത്ത് തന്നെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത.

സുരേഷ് ചങ്ങാടത്തിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി സി.പി.എം തീരുമാനിച്ചതായി സി.പി.എമ്മിന്റെ മേലടി ബ്ലോക്ക് സബ് കമ്മിറ്റി കണ്‍വീനര്‍ കൂടിയായ ജില്ലാ കമ്മിറ്റിയംഗം എന്‍.പി. ഷിബു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. നാളെ വോട്ടെടുപ്പിനുശേഷം സത്യപ്രതിജ്ഞ നടക്കുമെന്നാണ് വിവരം.

കെ.പി ഗോപാലന്‍ നായര്‍ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും ബ്ലോക്ക് അംഗത്വവും രാജിവെച്ച സാഹചര്യത്തിലാണ് സുരേഷ് ചങ്ങാടത്തിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രാദേശിക അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ ഗോപാലന്‍ നായര്‍ അപ്രതീക്ഷിതമായി രാജിവെച്ചത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. വൈസ് പ്രസിഡന്റായ പി. പ്രസന്നയാണ് നിലവില്‍ ഗോപാലന്‍ നായരുടെ രാജിയ്ക്കുശേഷം പ്രസിഡന്റിന്റെ ചുമതല വഹിക്കുന്നത്.

13 അംഗങ്ങളുള്ള മേലടി ബ്ലോക്ക് പഞ്ചായത്തില്‍ എല്‍.ഡി.എഫ് ഒമ്പതും യു.ഡി.എഫിന് നാലും അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. കീഴരിയൂരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഗോപാലന്‍ നായരുടെ രാജിയെ തുടര്‍ന്ന് എല്‍.ഡി.എഫ് എട്ട് യു.ഡി.എഫ് നാല് എന്ന തരത്തിലാണ് കക്ഷിനില.

തിക്കോടി ഡിവിഷനില്‍ നിന്നാണ് സുരേഷ് ചങ്ങാടത്ത് ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ മേലടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനാണ്. സി.പി.എം പയ്യോളി ഏരിയ കമ്മിറ്റിയംഗവും കര്‍ഷകം സംഘം പയ്യോളി ഏരിയ സെക്രട്ടറിയുമാണ്.