‘അങ്ങനെയൊരു പെൺകുട്ടിയെ അറിയില്ല, ആരോപണം വ്യാജം’; നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് നിവിന്‍ പോളി
കൊച്ചി: തനിക്കെതിരെ ഉയര്‍ന്ന ലൈംഗികപീഡനാരോപണം നിഷേധിച്ച് നടൻ നിവിൻ പോളി. സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നിവിന്‍ പോളി. പീഡനപരാതി നൽകിയ യുവതിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും, അടിസ്ഥാന രഹിതമായുള്ള ആരോപണമാണെന്നും ആദ്യമായിട്ടാണ് ഇങ്ങനെയൊരു ആരോപണം നേരിടുന്നതെന്നും നിവിന്‍ പറഞ്ഞു
നിവിന്‍പോളിയുടെ വാക്കുകള്‍;
”ഓടിയൊളിക്കേണ്ട കാര്യമില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് ഇന്ന് തന്നെ വാർത്താസമ്മേളനം വിളിച്ചത്. ആദ്യമായാണു തനിക്കെതിരെ ഇത്തരം ആരോപണം. ആരോപണം പല രീതിയിൽ ബാധിക്കുന്നു. കുടുംബം ഉള്ളതാണ്. അതിനാൽ വസ്തുതകൾ മാധ്യമങ്ങൾ പരിശോധിക്കണം.
ആരോപണത്തിനെതിരെ നിയമപരമായി പോരാടും. എന്നെക്കൊണ്ടാവുന്ന രീതിയിൽ നിരപരാധിത്വം തെളിയിക്കും. എല്ലാവർക്കും ജീവിക്കണമല്ലോ. നാളെ ആർക്കെതിരെയും ആരോപണം വരാം. അവർക്കെല്ലാവർക്കും വേണ്ടിയാണ് ഞാനിത് സംസാരിക്കുന്നത്. ഏതന്വേഷണവുമായും സഹകരിക്കും. സത്യാവസ്ഥ തെളിയിക്കാൻ ശാസ്ത്രീയ അന്വേഷണത്തിന് സഹകരിക്കാൻ തയാറാണ്.
ഒന്നര മാസം മുൻപ് ഒരു സിഐ വിളിച്ചിരുന്നു. സ്റ്റേഷനിലേക്ക് വരാനാണ് വിളിപ്പിച്ചത്. ഇങ്ങനെ ഒരു ആരോപണം ഉണ്ടെന്നു പറഞ്ഞു. എനിക്ക് അറിയില്ലെന്നാണ് പറഞ്ഞത്. യാതൊരുവിധ അടിസ്ഥാനവുമില്ലാതെ സംസാരിക്കുന്ന വ്യക്തിയായി തോന്നി. ഇതു മനപ്പൂർവമുള്ള ആരോപണമാണ്. ഗൂഢാലോചന ഉണ്ടാകുമെന്നാണ് കരുതുന്നത്. അന്നത്തെ പരാതി എസ് ഐ വായിച്ചു കേൾപ്പിച്ചിരുന്നു.
പീഡനം ആരോപണം തന്നെ ആയിരുന്നു അത്. എന്നാണെന്ന് കൃത്യമായി ഓര്‍മയില്ല. ഈ കേസിൽ പറയുന്ന ഒരു വ്യക്തിയെ അറിയാം. മലയാള സിനിമയിൽ ഒരുപാട് പേർക്ക് ഫണ്ട് ചെയ്യുന്ന ആളാണ്. ഞാനും ഫണ്ട് വാങ്ങി സിനിമ ചെയ്തിട്ടുണ്ട്. ഈ പരാതിയിലുള്ള നിർമാതാവിനെ കണ്ടിട്ടുണ്ട്. അയാളെ കണ്ട തീയതി ഓർമ ഇല്ലെന്നും നിവിൻ പോളി പറഞ്ഞു”.
കോതമംഗലം നേര്യമംഗലം സ്വദേശിനിയായ യുവതിയാണ് നിവിൻ പോളിക്കെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. സിനിമയില്‍ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് പരാതി. യുവതിയുടെ പരാതിയില്‍ എറണാകുളം ഊന്നുകൽ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
Summary: Nivin pauly on sexual abuse allegation