ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചെന്ന പരാമര്‍ശം; എന്‍.ഐ.ടി പ്രൊഫസര്‍ക്ക് സ്ഥാനക്കയറ്റം


മുക്കം: ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച അധ്യാപിക ഷൈജ ആണ്ടവന് സ്ഥാനക്കയറ്റം നല്‍കി കാലിക്കറ്റ് എന്‍.ഐ.ടി. ഷൈജയ്ക്ക് പ്ലാനിങ് ആന്‍ഡ് ഡിവലപ്‌മെന്റ് ഡീനായി രണ്ടുവര്‍ഷത്തേക്കാണ് സ്ഥാനക്കയറ്റം നല്‍കിയത്. നിലവിലെ പ്ലാനിങ് ആന്‍ഡ് ഡിവലപ്‌മെന്റ് ഡിനായിരുന്ന ഡോ. പ്രിയാചന്ദ്രന് പകരക്കാരിയായാണ് നിയമനം. തിങ്കളാഴ്ചയാണ് എന്‍.ഐ.ടി. രജിസ്ട്രാര്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.


2024 ജനുവരിയില്‍, ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തില്‍ ‘ഹിന്ദുമഹാസഭാ പ്രവര്‍ത്തകനായ നാഥുറാം വിനായക് ഗോഡ്‌സെ ഭാരതത്തിലെ ഒരുപാടുപേരുടെ ഹീറോ’ എന്ന കുറിപ്പോടെ അഡ്വക്കേറ്റ് കൃഷ്ണരാജ് എന്ന പ്രൊഫൈലില്‍നിന്നും പോസ്റ്റുചെയ്ത ഗോഡ്‌സെയുടെ ചിത്രത്തിനുതാഴെയാണ് ഷൈജ ആണ്ടവന്‍ കമന്റിട്ടത്. ‘ഗോഡ്സെ, ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ട്’ എന്നായിരുന്നു ഷൈജ ആണ്ടവന്റെ കമന്റ്. സംഭവം വിവാദമായതോടെ ഇവര്‍ കമന്റ് പിന്‍വലിക്കുകയായിരുന്നു.

എ.ബി.വി.പി. ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി-യുവജന സംഘടനകള്‍ രംഗത്തെത്തിയതോടെ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിക്കുകയായിരുന്നു. വിദ്യാര്‍ഥി-യുവജന സംഘടനകളുടെ വന്‍പ്രതിഷേധത്തെത്തുടര്‍ന്ന് കുന്ദമംഗലം പോലീസ് കേസെടുത്ത് അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു.