കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ച ഏഴ് പഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്: നിര്‍ദേശവുമായി മന്ത്രി


കോഴിക്കോട്: നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്ത പഞ്ചായത്തുള്‍പ്പെടെ ഏഴു പഞ്ചായത്തുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് സംഘടിപ്പിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി വി ശിവന്‍കുട്ടി.

മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വീട്ടിലിരുന്ന് അറ്റന്‍ഡ് ചെയ്യാവുന്ന തരത്തിലാണ് ഓണ്‍ലൈന്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. ഇതിനായി പൊതു വിദ്യഭ്യസ ഡയറക്ടര്‍ ഷാനവാസിന് മന്ത്രി ആവശ്യമുളള നിര്‍ദേശങ്ങള്‍ നല്‍കി.

കൂടാതെ നിലവില്‍ സാക്ഷരതാ മിഷന്റെ പത്താം തരം തുല്യതാ പരീക്ഷ നടന്നുകൊണ്ടിരിക്കെ കണ്ടെയ്‌മെന്റ് സോണില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ പരീക്ഷ പിന്നീട് നടത്തുമെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ ഇവയിലുള്‍പ്പെടാത്ത മറ്റു കേന്ദ്രങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല.

ആയഞ്ചേരി, മരുതോങ്കര, തിരുവങ്ങള്ളൂര്‍, കുറ്റ്യാടി, കായക്കൊടി, വില്ല്യാപ്പള്ളി, കാവിലുംപാറ പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ളത്.

ഈ വാര്‍ഡുകളില്‍ നിന്നും പുറത്തേക്കോ അകത്തേക്ക് യാത്ര അനുവദിക്കില്ല. വാര്‍ഡുകള്‍ ബാരിക്കേഡ് വെച്ച് നിയന്ത്രിക്കും. സ്‌കൂളുകള്‍ക്കും അംഗനവാടികള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ ബാങ്കുകള്‍ക്കും അവധി ബാധകമാണ്.

തദ്ദേശ സ്ഥാപനങ്ങള്‍, വില്ലേജ് ഓഫീസുകള്‍ എന്നിവയിലെ ജീവനക്കാരുടെ എണ്ണം നിയന്ത്രിക്കും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് തുറക്കാന്‍ അനുമതിയുള്ളത്. ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴുമുതല്‍ വൈകുന്നേരം അഞ്ചുമണിവരെ പ്രവര്‍ത്തിക്കാം. മെഡിക്കല്‍ ഷോപ്പുകള്‍ക്ക് സമയപരിധി ബാധകമല്ല.

വാർഡുകള്‍:

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14,15 വാർഡ് മുഴുവൻ,
മരുതോങ്കര ഗ്രാമപഞ്ചായത്ത് – 1,2,3,4,5,12,13,14 വാർഡ് മുഴുവൻ,
തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് – 1,2,20 വാർഡ് മുഴുവൻ,
കുറ്റ്യാടി ഗ്രാമപഞ്ചായത്ത് – 3,4,5,6,7,8,9,10 വാർഡ് മുഴുവൻ,
കായക്കൊടി ഗ്രാമപഞ്ചായത്ത് – 5,6,7,8,9 വാർഡ് മുഴുവൻ,
വില്യപ്പളളി ഗ്രാമപഞ്ചായത്ത് – 6,7 വാർഡ് മുഴുവൻ,
കാവിലും പാറ ഗ്രാമപഞ്ചായത്ത് – 2,10,11,12,13,14,15,16 വാർഡ് മുഴുവൻ ,