സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സംശയം; രോഗ ലക്ഷണങ്ങളുമായി പതിനഞ്ചുവയസ്സുകാരന്‍ കോഴിക്കോട് ചികിത്സയില്‍
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സംശയം. മലപ്പുറം സ്വദേശിയായ പതിനഞ്ച് വയസ്സുകാരനാണ് നിപ രോഗമുണ്ടെന്ന് സംശയിക്കുന്നത്. കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നിപ വൈറസാണോ എന്ന് സ്ഥിരീകരിക്കാനുള്ള പരിശോധനാഫലം നാളെ വന്നേക്കും. നിപ ബാധ എന്ന സംശയിക്കുന്ന സ്ഥലത്ത് ജാഗ്രത പാലിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കര്‍ശനമായി നിര്‍ദേശിച്ചു.
സ്ഥിരീകരണത്തിനായി സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം ലഭിച്ച ശേഷമാകും ഔദ്യോഗിക സ്ഥിരീകണം. കഴിഞ്ഞ ദിവസമാണ് പനി, ഛര്‍ദി ഉള്‍പ്പെടെയുള്ള രോഗ ലക്ഷണങ്ങളുമായി കുട്ടിയെ മലപ്പുറത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് കുട്ടിയെ ഇന്നലെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ ആരോഗ്യ നില നിലവില്‍ തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.