നിപ വൈറസ്: സമ്പർക്ക പട്ടികയിൽ 330 പേര്‍, ഐസിഎംആര്‍ സംഘം കോഴിക്കോട്ട്, അവലോകനയോഗം ഇന്ന്
കോഴിക്കോട്: മലപ്പുറം സ്വദേശിയായ 14കാരന് നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ഐസിഎംആര്‍) സംഘം ഇന്നലെ രാത്രിയോടെ കോഴിക്കോടെത്തി. നാല് ശാസ്ത്രജ്ഞരും രണ്ട് ടെക്കനിക്കല്‍ വിദഗ്ധരുമാണ് സംഘത്തിലുള്ളത്.
നിപബാധ സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജിലെ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിപ പ്രതിരോധത്തില്‍ പ്രത്യേക പരിശീലന പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്. പിജി ഡോക്ടര്‍മാര്‍, ഹൗസ് സര്‍ജന്‍മാര്‍ ഉള്‍പ്പെടെയുള്ള നേരത്തേ പരിശീലനം ലഭിച്ചിട്ടില്ലാത്ത ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്‌സുമാര്‍ തുടങ്ങിയവര്‍ക്കായാണ് റീഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കുക. ഒപി പരിശോധനയെയും ക്ലാസ്സുകളെയും ബാധിക്കാത്ത രീതിയില്‍ വിവിധ സെഷനുകളായി നടത്തുന്ന പരിശീലന പരിപാടി ഇന്ന്
ആരംഭിക്കും. സാംപിള്‍ കളക്ഷന്‍, നിപ പ്രതിരോധം, ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കും. ഇതിനായി മൈക്രോ ബയോളജി ഡിപ്പാര്‍ട്ട്‌മെന്റിന് ചുമതല നല്‍കിയതായും പ്രിന്‍സിപ്പാള്‍ അറിയിച്ചു.
നിപ വൈറസ്ബാധ സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് രോഗികള്‍ അല്ലാത്തവരുടെ അനാവശ്യ സന്ദര്‍ശനങ്ങള്‍ പരമാവധി ഒഴിവാക്കണം. ചികിത്സയ്ക്കായി വരുന്നവര്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ മാസ്‌ക്ക് ധരിക്കുന്നതാണ് അഭികാമ്യമെന്നും അദ്ദേഹം അറിയിച്ചു.
നിലവില്‍ നിപ വൈറസ് ബാധ സംശയിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട 68കാരനെ നിലവില്‍ ട്രാന്‍സിറ്റ് ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പര്‍ക്കമില്ലാതിരുന്ന ഇദ്ദേഹത്തിന്റെ പ്രാഥമിക സ്രവപരിശോധനാ ഫലം നെഗറ്റീവായിരുന്നു.