ഓഗസ്റ്റ് 25 ന് കോഴിക്കോട് ഇഖ്‍റ ആശുപത്രിയില്‍ എത്തിയവര്‍ ഉടന്‍ നിപ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണം
കോഴിക്കോട്: നിപ വൈറസുമായി ബന്ധപ്പെട്ട പുതിയ അറിയിപ്പുമായി അധികൃതര്‍. ഓഗസ്റ്റ് 25 ന് പുലര്‍ച്ചെ 02:15 നും 03:45 നും ഇടയില്‍ കോഴിക്കോട് ഇഖ്‍റ ആശുപത്രിയില്‍ എത്തിയവരാണ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ടത് എന്ന് കോഴിക്കോട് ഡി.എം.ഒ ഡോ. രാജാ റാം അറിയിച്ചു.
നിപ വൈറസ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക മൊബൈല്‍ ലൊക്കേഷനിലൂടെ കണ്ടെത്താന്‍ പോലീസ് സഹായം തേടാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചിട്ടുണ്ട്. രോഗബാധയുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ പ്ലാന്‍ ബിയുടെ ഭാഗമായി സ്വകാര്യ ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കി. മരുന്നും സുരക്ഷാ സാമഗ്രികളും അധികമായി ഉറപ്പാക്കാൻ കെഎംഎസ്‌സിഎല്ലിനോട് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
നിപ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ പൊതുവിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ എ. ഗീത ഉത്തരവിറക്കി. പുതിയ ഉത്തരവ് പ്രകാരം കള്ള് ചെത്തുന്നതിനും വില്‍ക്കുന്നതിനും അനുമതിയില്ല. കൂടാതെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ആരാധനാലയങ്ങളില്‍ ഉള്‍പ്പെടെ ഒരു തരത്തിലുള്ള കൂടിച്ചേരലുകള്‍ക്കും പൊതുപരിപാടികള്‍ക്കും അനുമതിയില്ല. സര്‍ക്കാര്‍ ഓഫീസ് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനമൊരുക്കാനും നിര്‍ദേശമുണ്ട്. പ്രദേശത്തെ പൊതുപാര്‍ക്കുകള്‍, ബീച്ചുകള്‍ എന്നിവയില്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പ്രവേശനമുണ്ടായിരിക്കില്ല.