മലപ്പുറത്ത് ഒരാള്‍ക്ക് കൂടി നിപ ലക്ഷണങ്ങള്‍; 68കാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
കോഴിക്കോട്: നിപ ലക്ഷണങ്ങളെ തുടര്‍ന്ന് 68- വയസ്സുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണിയാള്‍. മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച പതിനാലുകാരന്റെ വീടിന്റെ രണ്ടുകിലോമീറ്റര്‍ അകലെയാണിയാള്‍.
എന്നാല്‍ ഇദ്ദേഹത്തിന് പതിനാലുകാരനുമായി സമ്പര്‍ക്കമില്ല. മരിച്ച കുട്ടിയ്ക്ക് പനി വരുന്നതിനും മുന്‍പ് ഇദ്ദേഹത്തിന് പനി ബാധിച്ചിരുന്നു.
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് നിപ രോഗ ലക്ഷണം കണ്ടതോടെ ഇയാളെ മെഡിക്കല്‍ കൊളേജിലെ ഐസൊലേഷന്‍ വാര്‍ഡിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാളുടെ സാമ്പിളുകള്‍ വിശദപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് വീണ്ടും നിപ മരണം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ശക്തമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. 246 പേരാണ് ഇപ്പോള്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതില്‍ ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെട്ട രണ്ടുപേര്‍ക്ക് നിപ ലക്ഷണങ്ങളുണ്ട്. നാലുപേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സമ്പര്‍ക്ക പട്ടികയിലെ 63 പേര്‍ ഹൈറിസ്‌ക് കാറ്റഗറിയിലുണ്ട്.