‘ഞാന്‍ പാര്‍ട്ടിയുടെ എളിയ പ്രവര്‍ത്തക, ഏല്‍പ്പിക്കുന്ന കാര്യങ്ങളെല്ലാം ചെയ്യും, സഹപ്രവര്‍ത്തകരോട് നന്ദി’; കൊയിലാണ്ടി ബ്ലോക്കില്‍ നിന്ന് കെ.പി.സി.സി അംഗമായി തിരഞ്ഞെടുക്കപ്പെട്ട രത്‌നവല്ലി ടീച്ചര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്


കൊയിലാണ്ടി: കെ.പി.സി.സി അംഗമായി തിരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെ സന്തോഷമുണ്ടെന്ന് രത്‌നവല്ലി ടീച്ചര്‍. പുതുതായി തിരഞ്ഞെടുക്കപ്പെട്ട കെ.പി.സി.സി ഭാരവാഹികളില്‍ കൊയിലാണ്ടി ബ്ലോക്കില്‍ നിന്നുള്ള ഏക അംഗമാണ് രത്‌നവല്ലി ടീച്ചര്‍. 282 ബ്ലോക്ക് പ്രതിനിധികള്‍, മുതിര്‍ന്ന നേതാക്കള്‍, പാര്‍ലമെന്ററി പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടെ 315 അംഗങ്ങളാണ് പുതിയ കെ.പി.സി.സി ഭാരവാഹി പട്ടികയിലുള്ളത്.

കെ.പി.സി.സി അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിന് തനിക്കൊപ്പം പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരോടാണ് നന്ദി പറയാനുള്ളതെന്ന് രത്‌നവല്ലി ടീച്ചര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കൂടാതെ തന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി തന്നെ തിരഞ്ഞെടുത്ത ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ക്കും നന്ദി പറയുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘താന്‍ കോണ്‍ഗ്രസിന്റെ എളിയ പ്രവര്‍ത്തകയാണ്. കുറേ കാലമായി പാര്‍ട്ടിക്ക് വേണ്ടി താഴേ തട്ട് മുതല്‍ പ്രവര്‍ത്തിക്കുന്നു. ബൂത്ത് തലത്തില്‍ വരെയുള്ള എല്ലാ പരിപാടികളിലും സജീവമായി പങ്കെടുക്കാറുണ്ട്. ഇതിനെല്ലാമുള്ള അംഗീകാരമാണ് കെ.പി.സി.സി അംഗമെന്ന പദവി.’ -രത്‌നവല്ലി ടീച്ചര്‍ പറഞ്ഞു. പാര്‍ട്ടിയെ മുന്നോട്ട് നയിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും രത്‌നവല്ലി ടീച്ചര്‍ പറഞ്ഞു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട കെ.പി.സി.സി അംഗങ്ങള്‍ പങ്കെടുക്കുന്ന ആദ്യ ജനറല്‍ ബോഡി യോഗം വ്യാഴാഴ്ചയാണ് ചേര്‍ന്നത്. രത്‌നവല്ലി ടീച്ചര്‍ ഉള്‍പ്പെടെ എല്ലാ അംഗങ്ങളും യോഗത്തിനായി തിരുവനന്തപുരത്താണ് ഉള്ളത്.

കെ.പി.സി.സി അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ എ.ഐ.സി.സി അധ്യക്ഷ സോണിയാ ഗാന്ധിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം കെ.പി.സി.സി ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ചു. കെ.സുധാകരന്‍ തന്നെ പ്രസിഡന്റായി തുടരാനാണ് നിലവിലെ ധാരണ.

കെ.പി.സി.സി പ്രസിഡന്റിനു പുറമെ കേരളത്തില്‍ നിന്നുള്ള എ.ഐ.സി.സി അംഗങ്ങള്‍, കെ.പി.സി.സി ഭാരവാഹികള്‍, നിര്‍വ്വാഹക സമിതി അംഗങ്ങള്‍, സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി എന്നിവരെയും ഹൈക്കമാന്റിന് തീരുമാനിക്കാം എന്ന് പ്രമേയത്തില്‍ പറയുന്നു. രമേശ് ചെന്നിത്തല അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കെ.മുരളീധരന്‍ എം.പി, കെ.സി.ജോസഫ്, കൊടിക്കുന്നില്‍ സുരേഷ് എം.പി, എം.എം.ഹസന്‍ തുടങ്ങിയവര്‍ പിന്‍താങ്ങി.