വാഹനം പാര്‍ക്ക് ചെയ്ത് മഴയും വെയിലും കൊള്ളാതെ ടെര്‍മിനലിലെത്താം; കരിപ്പൂര്‍ വിമാനത്താവളത്തില്‍ പുതിയ നടപ്പാത തുറന്നു


കോഴിക്കോട്: കരിപ്പൂര്‍ വിമാനമത്താവള ടെര്‍മിനലിനെയും പാര്‍ക്കിങ് ഏരിയയെയും ബന്ധിപ്പിച്ച് പുതുതായി നിര്‍മിച്ച നടപ്പാത തുറന്നു. വിമാനത്താവള ഡയറക്ടര്‍ എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. പാര്‍ക്കിങ് ഏരിയയില്‍നിന്ന് മഴയും വെയിലും ഏല്‍ക്കാതെ ടെര്‍മിനലില്‍ എത്തുന്നതിന് മേല്‍ക്കൂരയോടെയാണ് നടപ്പാത നിര്‍മിച്ചിരിക്കുന്നത്.

വിമാനമിറങ്ങുന്നവര്‍ക്ക് ട്രോളിയുമായി എളുപ്പത്തില്‍ പാര്‍ക്കിങ് ഏരിയയിലും ഇതുവഴി എത്താം. വിമാനത്താവള അതോറിറ്റി 1.6 കോടി രൂപ ചെലവിട്ടാണ് നടപ്പാത നിര്‍മിച്ചത്.

ടെര്‍മിനലിന്റെ രണ്ടറ്റങ്ങളിലുമുള്ള പാര്‍ക്കിങ് ഏരിയകളില്‍ നടപ്പാത നിര്‍മിച്ചിട്ടുണ്ട്. പടിഞ്ഞാറുഭാഗത്തെ നടപ്പാതയാണ് ഇപ്പോള്‍ തുറന്നത്. കിഴക്കുഭാഗത്തെ നടപ്പാതയുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്.