പുതുവര്‍ഷത്തില്‍ പുതിയശീലങ്ങള്‍ ; അമിതവണ്ണത്തിന് കടിഞ്ഞാണിടാം ജിമ്മില്‍ പോവാതെ തന്നെ


ജിമ്മ് നടത്തിപ്പുകാർക്ക് ഏറെ വരുമാനം കൊണ്ടുവരുന്ന കാലമാണ് പുതുവർഷാരംഭം. പലരും തടി കുറയ്ക്കണമെന്നും ചിട്ടയായ ആരോഗ്യ ശീലങ്ങൾ പാലിക്കണമെന്നും ന്യൂഇയർ റെസല്യൂഷനുമെടുത്ത് നേരെ ജിമ്മിലേക്കോടും . എന്നാൽ ആരംഭത്തിലെ ആവേശം കെട്ടടങ്ങാൻ അധിക സമയം വേണ്ടി വരില്ല. വർക്ക് ലോഡ്, പഠന ഭാരം മറ്റ് തിരക്കുകൾ സർവോപരി മടി ഇവയെല്ലാം കാരണം ഏറെ വൈകാതെന്നെ ജിമ്മിൽ പോക്കിന് ഷട്ടർ വീഴും.

ജിമ്മില്‍ പോവാന്‍ പറ്റിയില്ലെങ്കിലും ആരോഗ്യം കൈവിടാന്‍ പറ്റില്ലല്ലോ. സന്തോഷകരമായ ജീവിതത്തിന് ആരോഗ്യം പരമ പ്രധാനമാണ്. അമിതവണ്ണത്തെ ജിമ്മില്‍ പോവാതെ തന്നെ കണ്‍ട്രോള്‍ ചെയ്യാന്‍ പുതിയ ആരോഗ്യശീലങ്ങളുമായി പുതുവര്‍ഷത്തെ വരവേല്‍ക്കാം. ശരിയായ ഭക്ഷണക്രമം, വ്യായാമം, ജീവിതശൈലി എന്നിവ മുറുകെ പിടിക്കുക എന്നതാണ് അമിത വണ്ണം കണ്‍ട്രോള്‍ ചെയ്ത് ആരോഗ്യം കാത്തുരക്ഷിക്കാനുള്ള അടിസ്ഥാന മാര്‍ഗം.

ശരീരഭാരം കുറയ്ക്കണമെങ്കിൽ ജിമ്മിൽ പോകാതെ വേറെ വഴിയൊന്നുമില്ല എന്ന ധാരണ പുലർത്തുന്നവരാണ് ഭൂരിഭാഗം പേരും. ഒന്നാലോചിച്ചാൽ ജിമ്മുകളിൽ പോയി മെഷീൻ വർക്കൗട്ടുകൾ ചെയ്യുന്നത് നമ്മുടെ ശരീരഭാരം കുറയ്ക്കുന്ന ലക്ഷ്യത്തെ വേഗത്തിലാക്കും എന്നത് ശരി തന്നെ. എങ്കിലും ഇത് കർശനമായും പിന്തുടരണമെന്ന് നിർബന്ധമുള്ള കാര്യമല്ല. കാരണം നൂതന സാങ്കേതികവിദ്യകളുള്ള ജിമ്മുകൾ നമുക്കിടയിലേക്ക് കടന്നു വന്നിട്ട് അധിക കാലമായിട്ടില്ല. അതിനു മുൻപും തടികുറക്കാനായി നിരവധി മാർഗ്ഗങ്ങൾ നമ്മുക്ക് പക്കൽ ഉണ്ടായിരുന്നു.

ചെറുപ്പക്കാർ മുതൽ തങ്ങളുടെ വാർദ്ധക്യ നാളുകളെ ആസ്വദിക്കുന്നവർ വരെ എല്ലാവരും ആരോഗ്യകരമായ ശാരീരിക ആകൃതി നിലനിർത്താൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ, അതിനുവേണ്ടി ജിമ്മിൽ പോയി കഠിനമായ മെഷീൻ വർക്കൗട്ടുകൾ ചെയ്യാൻ കുറച്ചുപേരെങ്കിലും ആഗ്രഹിക്കില്ല. ജിം വർക്കൗട്ടുകൾ ഇല്ലാതെ തന്നെ ശരീരഭാരം കുറയ്ക്കാനുള്ള ചില മാർഗ്ഗങ്ങളെ നമുക്കിന്ന് കണ്ടെത്താം.

​പിന്തുടരാം മികച്ച ഡയറ്റ് 

ജിമ്മിൽ പോകാതെ ശരീരഭാരം കുറയ്ക്കാൻ കർശനമായ ഭക്ഷണ നിയന്ത്രണം പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്. ഭക്ഷണത്തോടുള്ള അമിതാസക്തി ഒഴിവാക്കി രാവിലെ മുതൽ രാത്രിവരെ നിയന്ത്രിതമായ ഒരു ഭക്ഷണക്രമം പാലിക്കണം.  പെട്ടെന്ന് ശരീരഭാരം വർദ്ധിപ്പിക്കുന്നതും കലോറി കൂടുതലായതുമായ എല്ലാ ഭക്ഷണങ്ങളും പൂര്‍ണമായും ഒഴിവാക്കാന്‍ തയ്യാറാവണം. ഒരു നേരം ധാരാളം ഭക്ഷണം കഴിക്കാതെ ചെറിയ ചെറിയ ഇടവേളകളില്‍ കുറഞ്ഞ അളവില്‍ ഭക്ഷണം കഴിക്കുന്നത് മെറ്റബോളിസം പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്താന്‍ സഹായകമാവും.

പ്രാതല്‍ രാജാവിനെപ്പോലെ കഴിക്കണം എന്ന് പഴമക്കാര്‍ പറയുന്നതില്‍ കാര്യമില്ലാതില്ല. രാവിലെ കഴിക്കുന്ന ഭക്ഷണം നമ്മുടെ ഒരു ദിവസത്തെ എനര്‍ജിയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.  രാവിലെയുള്ള നിങ്ങളുടെ ഭക്ഷണത്തിൽ ഒരു പാത്രം ധാന്യം നിര്‍ബന്ധമായും ഉൾപ്പെടുത്താന്‍ ശ്രദ്ധിക്കണം. ഉച്ചഭക്ഷണവും അത്താഴവും ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് ഇടയാക്കുമെന്നതിനാല്‍ ഈ സമയങ്ങളില്‍ ലഘുഭക്ഷണങ്ങള്‍ ശീലമാക്കുന്നതാണ് നല്ലത്.

ശരീരഭാരം കുറയ്ക്കുന്നതിനായി ഭക്ഷണ  നിയന്ത്രണം മാത്രം പോരാ. ശരീരഭാരം ഉയരാന്‍ ഇടയാക്കാത്തതും ശരീരത്തിലെ കലോറിയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നതുമായ ഭക്ഷണങ്ങളാണ് നിങ്ങളുടെ ദൈനംദിന ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. ഭക്ഷണത്തോടൊപ്പം ധാരാളം വെള്ളവും കുടിക്കേണ്ടതുണ്.

ഉറക്കത്തെ മറക്കരുതേ

ശരീരഭാരം കുറയ്ക്കുന്നതിലെ പ്രധാന ഘടകങ്ങളിലൊന്നാണ് ശെരിയായ ഉറക്കം. ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്കും മാനസികോല്ലാസത്തിനുമെല്ലാം കൃത്യമായ ഉറക്കം ശീലമാക്കേണ്ട് അത്യന്താപേക്ഷിതമാണ്. മികച്ച ഉറക്കം ലഭിക്കുന്നത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും സഹായിക്കും. ശരീരത്തിൻ്റെ മെറ്റബോളിസം പ്രവർത്തനങ്ങൾ ഏറ്റവും മികച്ച രീതിയിൽ നടക്കുന്ന നന്നായി ഉറങ്ങുമ്പോഴാണ്.  ദിവസവും എട്ടു മണിക്കൂറിൽ കുറയാത്ത ഉറക്കം ഒരു ശീലമായി വളര്‍ത്തിയെടുക്കാന്‍ ശ്രദ്ധിക്കേണ്ടുണ്ട്.

വ്യായാമശീലങ്ങളെ കൈവിടല്ലേ

വീട്ടിലോ ഹോസ്റ്റലിലോ എവിടെ താമസിക്കുന്നവരായാലും വേണമെന്ന് തീരുമാനിച്ചുറപ്പിച്ചാല്‍ അവിടെ തന്നെ ആവശ്യമായ  ശാരീരിക വ്യായാമങ്ങൾ ചെയ്യാനുള്ള സൌകര്യങ്ങള്‍ ഒരുക്കിയെടുക്കാം. ലഘു വ്യായാമങ്ങള്‍ മുതല്‍ കഠിനമായ  വർക്കൗട്ടുകള്‍ വരെ ഇത്തരത്തില്‍ ചെയ്യാം. എന്നാല്‍ കഠിനമായ വർക്കൗട്ടുകളില്‍ ഏര്‍പ്പെടാതെ ദിവസവും നിശ്ചിത സമയത്തില്‍ ലഘുവായതും ശരീരത്തിന് അനുയോജ്യമായതുമായ വ്യായാമങ്ങള്‍ ചെയ്യുന്നതാണ് ഏറെ നല്ലത്.  മികച്ച വ്യായാമത്തിലൂടെ ശരീരത്തില്‍ ഏറെയുള്ള കലോറി ഒഴിവാക്കാം. അതുവഴി എളുപ്പത്തിൽ ശരീരഭാരം നിയന്ത്രിക്കാനാവും. യോഗയും മെഡിറ്റേഷനും ഒക്കെ  ശീലമാക്കാവുന്നതാണ്. സൂംബ ഉള്‍പ്പെടെയുള്ള വിവിധ നൃത്തരീതികള്‍ പോലും വ്യായാമത്തിനായി തിരഞ്ഞെടുക്കാം.