വെദ്യുതി ബില്‍, ഗ്യാസ് ബില്‍ തുടങ്ങി എല്ലാ പേയ്മെന്റുകള്‍ക്കും ഇനി മുതല്‍ അധിക ചാര്‍ജ് ഈടാക്കും; ഗൂഗിള്‍ പേയില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു
കോഴിക്കോട്: ഗൂഗിള്‍ പേയില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു. ബില്‍ പേയ്മെന്റുകള്‍ക്ക് ഇനി മുതല്‍ കണ്‍വീനിയന്‍സ് ഫീ ഈടാക്കും. എത്ര രൂപയാണോ ഇടപാട് നടത്തുന്നത് അതിന്റെ 0.5ശതമാനം മുതല്‍ ഒരു ശതമാനം വരെ ഫീസും ജിഎസ്ടിയുമാണ് ഈടാക്കുക.
വൈദ്യുതി ബില്‍, ഗ്യാസ് ബില്‍ തുടങ്ങി എല്ലാ പേയ്മെന്റുകള്‍ക്കും ഇനി മുതല്‍ അധിക ചാര്‍ജ് ഈടാക്കും. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പണം അടയ്ക്കുന്ന ഉപയോക്താക്കള്‍ക്കാണ് ഈ നിരക്കുകള്‍ ബാധകമായി വരുന്നത്.
ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് പേയ്മെന്റുകള്‍ പ്രോസസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചെലവുകള്‍ വഹിക്കുന്നതിനുള്ള ഒരു മാര്‍ഗമാണ് കണ്‍വീനിയന്‍സ് ഫീസെന്നാണ് ഗൂഗിള്‍ പേ നല്‍കുന്ന വിശദീകരണം. കണ്‍വീനിയന്‍സ് ഫീസ് എത്രയെന്ന് പേയ്‌മെന്റിന്റെ സമയത്ത് വ്യക്തമാക്കുമെന്നും ഗൂഗിള്‍ പേ അറിയിച്ചു. എന്നാല്‍ യുപിഐയില്‍ ലിങ്ക് ചെയ്ത് ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ടുള്ള ഇടപാടിന് ഫീസൊന്നും നല്‍കേണ്ടതില്ല.
ഗൂഗിള്‍ പേ പ്രത്യേക ചാര്‍ജുകള്‍ ഈടാക്കുമെന്നുള്ള കാര്യം അറിയിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷം മൊബൈല്‍ റീചാര്‍ജുകള്‍ക്ക് മൂന്ന് രൂപ കണ്‍വീനിയന്‍സ് ഫീസ് ഈടാക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. ആമസോണ്‍ പേ, ഫോണ്‍ പേ തുടങ്ങിയ മൊബൈല്‍ പേയ്മെന്റ് ആപ്പുകള്‍ നേരത്തെ തന്നെ സമാനമായി ചാര്‍ജുകള്‍ ഏര്‍പ്പെടുത്തിയിരുന്നു.
Summary: new-changes-are-coming-to-google-pay.