പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാം; ജില്ലാ കളക്ടറുടെ ഇന്റേര്‍ണ്‍ഷിപ് പ്രോഗ്രാമിന്റെ ഭാഗമാകാന്‍ പുതിയ ബാച്ചിലേക്ക് അപേക്ഷിക്കാം
കോഴിക്കോട്: ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളില്‍ പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന ജില്ലാ കലക്ടറുടെ ഇന്റേര്‍ണ്‍ഷിപ്പ് പ്രോഗ്രാമിന്റെ (D-CIP) പുതിയ ബാച്ചിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. 2024 ഏപ്രില്‍ – ആഗസ്റ്റ് കാലയളവിനാണ് അപേക്ഷകള്‍ ക്ഷണിച്ചത്.
എട്ട് വര്‍ഷം പിന്നിട്ട പ്രോഗ്രാമിന്റെ 27 മത്തെ ബാച്ചാണിത്. ബിരുദമോ ബിരുദാനന്തര ബിരുദമോ ആണ് അടിസ്ഥാന യോഗ്യത. പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാന്‍ അവസരം നല്‍കി സര്‍ക്കാര്‍ പദ്ധതികളിലും വികസന പരിപാടികളിലും പദ്ധതി ആസൂത്രണ ഘട്ടം മുതല്‍ തന്നെ സജീവ യുവജന പങ്കാളിത്തം ഉറപ്പുവരുത്തി കൂടുതല്‍ കാലികവും ക്രിയാത്മകവുമായ മുന്നേറ്റം സാധ്യമാക്കുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
വിവിധ സര്‍ക്കാര്‍ പദ്ധതികളെ വിശകലനം ചെയ്യാന്‍ അവസരമൊരുക്കുക വഴി വിമര്‍ശനാത്മകമായി വിഷയങ്ങളെ സമീപിക്കാനും പ്രശ്‌ന പരിഹാരത്തിനുള്ള കഴിവ് ആര്‍ജ്ജിക്കുന്നതിനും യുവജനങ്ങളെ സഹായിക്കും വിധമാണ് പരിപാടി ക്രമീകരിച്ചിട്ടുള്ളത്. ഇന്റേര്‍ണ്‍ഷിപ്പിന്റെ ഭാഗമാകാന്‍ താത്പര്യമുള്ളവര്‍ www.dcipkkd.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ ഇതോടൊപ്പം നല്‍കിയിരിക്കുന്ന ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ ലഭിക്കുന്ന ഫോം പൂരിപ്പിച്ചാണ് അപേക്ഷിക്കേണ്ടത്. മാര്‍ച്ച് 24 നകം അപേക്ഷിക്കണം.
നാല് മാസമാണ് ഇന്റേര്‍ണ്‍ഷിപ്പിന്റെ കാലാവധി. സ്‌റ്റൈപ്പന്റ് ഉണ്ടായിരിക്കില്ല. രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. അപേക്ഷകളില്‍ നിന്ന് പ്രാഥമിക ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ തുടര്‍ന്ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിശദ വിവരങ്ങള്‍ക്ക് 9633963211, 0495- 2370200 നമ്പറുകളില്‍ വിളിക്കുകയോ [email protected] എന്ന മെയിലില്‍ ബന്ധപ്പെടുകയോ വേണം