നീറ്റ് പരീക്ഷാ ക്രമക്കേട് വിവാദം; ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്ക് റീ ടെസ്റ്റ് സാധ്യത പരിശോധിച്ച് സമിതി; രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും


ഡല്‍ഹി: നീറ്റ് പ്രവേശന പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്ക് റീ ടെസ്റ്റ് നടത്തുന്നതിനെപ്പറ്റി എന്‍.ടി.എ ആലോചന. ഗ്രേസ് മാര്‍ക്കിംഗില്‍ അപാകതയുണ്ടോ എന്നതിനെപ്പറ്റിയടക്കമുള്ള വിവാദത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ വിദ്യാഭ്യാസമന്ത്രാലയം നിയോഗിച്ച നാലംഗ സമിതി റീ ടെസ്റ്റ് സാധ്യത പരിശോധിച്ചു. പരീക്ഷയുടെ പവിത്രതയെ ഗ്രസ് മാര്‍ക്ക് വിവാദം ബാധിച്ചെന്ന് സുപ്രിം കോടതി ഇന്നലെ നീരീക്ഷിച്ചിരുന്നു.

യു.പി.എസ്.ഇ. മുന്‍ ചെയര്‍മാന്‍ അധ്യക്ഷനായ നാലംഗസമിതിയാണ് ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563 പേര്‍ക്ക് റീ ടെസ്റ്റ് സാധ്യത പരിശോധിച്ചത്. സമിതി രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നീറ്റ് പരീക്ഷയില്‍ വ്യാപക ക്രമക്കേട് നടന്നെന്നായിരുന്നു ആരോപണം. സ്ഥാനത്ത് 67 പേര്‍ 99.99 ശതമാനം മാര്‍ക്കോടെ ഒന്നാം റാങ്ക് നേടിയെന്നും ഇതില്‍ ആറ് പേര്‍ ഒരേ സെന്ററില്‍ നിന്ന് പരീക്ഷ എഴുതിയവരാണെന്നും ആരോപണമുയര്‍ന്നിരുന്നു.

വിദ്യാര്‍ത്ഥികള്‍ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നല്‍കിയിട്ടുണ്ട്. 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതിലും ചില വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതിലും അട്ടിമറിയുണ്ടെന്നാണ് ആരോപണം. മുന്‍കോടതി വിധികളുടെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയതെന്നാണ് എന്‍ടിഎ വ്യക്തമാക്കുന്നത്. ഒന്നാം റാങ്ക് ലഭിച്ചവരില്‍ 47 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയെന്നാണ് എന്‍ടിഎ പറയുന്നത്. എന്‍സിഇആര്‍ടി പാഠപുസ്തകത്തിലെ ഉത്തരത്തിന്റെ പിഴവിനാണ് ഗ്രേസ് മാര്‍ക്ക് എന്നാണ് എന്‍ടിഎ വീശദീകരിക്കുന്നത്.