കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍ വിഭജിച്ച് പുതുതായി പോലീസ് സ്റ്റേഷന്‍ രൂപീകരിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ആവശ്യം; കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു


കൊയിലാണ്ടി: ജനുവരി മാസത്തെ താലൂക്ക് വികസന സമിതിയുടെ യോഗം ചേര്‍ന്നു. താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍ വിഭജിച്ച് പുതുതായി ഒരു പോലീസ് സ്റ്റേഷന്‍ രൂപീകരിക്കാന്‍ നടപടി സ്വീകരിക്കന്നതുള്‍പ്പെടെ വിവിധ ആവിശ്യങ്ങളുയര്‍ന്നു.

തഹസില്‍ദാര്‍ ജയശ്രീ എസ് വാര്യര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി,പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ വ്യാപിച്ച് കിടക്കുന്ന കൊയിലാണ്ടി സ്റ്റേഷന്റെ പരിധി നിലവില്‍ ചേമഞ്ചേരി, ചെങ്ങേട്ട്കാവ്, മൂടാടി, തിക്കോടി, അരിക്കുളം, കീഴരിയൂര്‍ എന്നീ പഞ്ചായത്തുകളിലും കൊയിലാണ്ടി നഗര സഭ എന്നിവിടങ്ങളിലെ മുഴുവന്‍ ക്രമസമാധാന ചുമതല കൊയിലാണ്ടി സ്‌റ്റേഷനാണ്.

65 ഓളം സേനാഗങ്ങള്‍ ജോലിചെയ്യുന്ന സ്റ്റേഷനില്‍ കണ്‍ട്രോള്‍ റും ഉള്‍പ്പെടെ ഇല്ലാത്തത് വളരെ പ്രയാസമുണ്ടാക്കുന്നതായും, ഇത് സംബന്ധിച്ച് പ്രമേയം അവതരിപ്പിച്ച് വി.പി ഇബ്രാഹിം കുട്ടി പറഞ്ഞു. കൂടാതെ കോരപ്പുഴ മുതല്‍ മൂരാട് വരെ ദേശീയപാതയില്‍ സീബ്രലൈന്‍ ഇടുന്നതിന് നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ ആവിശ്യമുയര്‍ന്നു. നിലവിലുള്ള സീബ്രലൈന്‍ പൂര്‍ണ്ണമായും മാഞ്ഞ് പോയതിനാല്‍ വന്‍ അപകടത്തിന് കാരണമാകുമെന്നും, ദേശീയ പാതയുടെ ഇരുവശങ്ങളില്‍ നിരവധി സ്‌കൂളുകള്‍ ഉള്‍പ്പെടെ ഉളളതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് റോഡ് മുറിച്ച് കടക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതായി യോഗം വിലയിരുത്തി.

യോഗത്തില്‍ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍, ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി, നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി ദാമേദരന്‍ .സമിതി അംഗങ്ങളായ രാജേഷ് കീഴരിയൂര്‍, രാജന്‍ വര്‍ക്കി മറ്റ് ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.