നവകേരള സദസ്സ്: ജില്ലയിലെ ഒരുക്കങ്ങൾ നേരിട്ടെത്തി വിലയിരുത്തി ജില്ലാ കലക്ടർ


കൊയിലാണ്ടി: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ജില്ലയിലെ നവകേരള സദസ്സിന്റെ ഒരുക്കങ്ങൾ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് വിലയിരുത്തി. നവകേരള സദസ്സ് നടക്കുന്ന വേദികളിൽ നേരിട്ടെത്തിയാണ് കലക്ടർ ഓരോ കേന്ദ്രങ്ങളിലെയും സജ്ജീകരണവും സൗകര്യങ്ങളും നേരിൽ കണ്ട് വിലയിരുത്തിയത്.

നവകേരള സദസ്സ് നടക്കുന്ന കൊയിലാണ്ടി മണ്ഡലത്തിന്റെ വേദിയായ സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിയ കലക്ടർ പൊതുജനങ്ങൾക്ക് ഏർപ്പെടുത്തിയ സജ്ജീകരണങ്ങൾ, സുരക്ഷാ സംവിധാനം, പാർക്കിംഗ് സൗകര്യം, നിവേദന കൗണ്ടർ തുടങ്ങിയ സജ്ജീകരണങ്ങൾ വിലയിരുത്തി. കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല, നഗരസഭ ഭാരവാഹികൾ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

തുടർന്ന് വടകരയിൽ എത്തിയ കലക്ടർ പ്രഭാതയോഗം നടക്കുന്ന വടകര നാരായണ നഗരം ഇൻഡോർ സ്റ്റേഡിയവും നവകേരള സദസ്സ് നടക്കുന്ന മൈതാനവും സന്ദർശിച്ചു. വടകര നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു, ഡിവൈഎസ്പി ഹരിപ്രസാദ്, നോഡൽ ഓഫീസർ പി. രാജീവൻ തുടങ്ങിയവർ വടകരയിൽ ഏർപ്പെടുത്തിയ സംവിധാനങ്ങളും സജ്ജീകരണവും കലക്ടർക്ക് വിശദീകരിച്ച് കൊടുത്തു.

തുടർന്ന് കുറ്റ്യാടി മണ്ഡലം സദസ്സ് നടക്കുന്ന മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിലും നാദാപുരം മണ്ഡലം സദസ്സ് നടക്കുന്ന കല്ലാച്ചി മാരാംവീട്ടില്‍ ഗ്രൗണ്ടിലും പേരാമ്പ്ര മണ്ഡല സദസ്സ് നടക്കുന്നപേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. ഓരോ കേന്ദ്രങ്ങളിലും ജനപ്രതിനിധികളും സംഘാടക സമിതി ഭാരവാഹികളും ചേർന്ന് കലക്ടറെ സ്വീകരിച്ചു.

ഓരോ മണ്ഡലത്തിലും പൊതുജനങ്ങളില്‍ നിന്ന് നിവേദനങ്ങളും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിന് ഏർപ്പെടുത്തുന്ന പ്രത്യേക കൗണ്ടർ സംവിധാനത്തിന്റെ സൗകര്യവും ക്രമീകരണവുമെല്ലാം കലക്ടർ ചോദിച്ചറിഞ്ഞു.