‘കുട്ടികള്‍ മയക്കുമരുന്നിന്റെ പിടിയില്‍ അകപ്പെടാതിരിക്കാന്‍ രക്ഷിതാക്കള്‍ സദാ ജാഗ്രത പാലിക്കണം’; ചനിയേരി മാപ്പിള എല്‍.പി സ്‌കൂള്‍ വാര്‍ഷികാഘോഷ പരിപാടിയില്‍ നൗഷാദ് ഇബ്രാഹിം
കൊയിലാണ്ടി: കുട്ടികള്‍ മയക്കുമരുന്നിന്റെ പിടിയില്‍ അകപ്പെടാതിരിക്കാന്‍ രക്ഷിതാക്കള്‍ സദാ ജാഗ്രത പാലിക്കണമെന്ന് സിനിമാതാരം നൗഷാദ് ഇബ്രാഹിം പറഞ്ഞു. പ്രതിസന്ധികളില്‍ അകപ്പെടുന്ന കുട്ടികളെ ഒറ്റപ്പെടുത്താതെ അവര്‍ക്ക് പിന്തുണ നല്‍കി സ്വയം പര്യാപ്തമാക്ക വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ചനിയേരി മാപ്പിള എല്‍.പി സ്‌കൂള്‍ നൂറാം വാര്‍ഷികാഘോഷ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടു ദിവസങ്ങളിലായി നടന്ന ചനിയേരി മാപ്പിള എല്‍.പി സ്‌കൂള്‍ നൂറാം വാര്‍ഷികാഘോഷം സമാപിച്ചു. സമാപന സമ്മേളനം കൊയിലാണ്ടി നഗരസഭ അധ്യക്ഷ സുധാ കിഴക്കേപ്പാട്ടില്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഷിജു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക പി.ഹസീബ റിപ്പോര്‍ട്ട് വായിച്ചു.
എല്‍.എസ്.എസ് നേടിയ എ.ബി.അദ്‌നാന്‍, മുഹമ്മദ് റിസ് വാന്‍, എസ്.ആര്‍.ആദ്യ, അയന്‍രാജ് എന്നീ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും നൗഷാദ് ഇബ്രാഹിം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കേളോത്ത് വത്സരാജ് വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എ.സുധാകരന്‍, ടി.വി.ആലി, വി.കെ.മുകുന്ദന്‍, എന്‍.കെ.അബ്ദുല്‍ റൗഫ് മുന്‍ പ്രധാന അധ്യാപകന്‍ എന്‍.എം.നാരായണന്‍ മാസ്റ്റര്‍, പി.ടി.എ.പ്രസിഡണ്ട് എം.സി.ഷബീര്‍, വി.എം.സിറാജ്, സ്‌കൂള്‍ മാനേജര്‍ പി.അബ്ദുല്‍ അസീസ്, കെ.കെ.ഷുക്കൂര്‍ മാസ്റ്റര്‍, സിദ്ദിഖ് വെട്ടിപ്പാണ്ടി, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
വാര്‍ഡ് കൗണ്‍സിലറും സംഘാടക സമിതി ചെയര്‍പേഴ്‌സണമായ സി.പ്രഭ ടീച്ചര്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പി.വി.മുസ്തഫ നന്ദിയും പറഞ്ഞു. അങ്കണവാടി, സ്‌കൂള്‍ നഴ്‌സറി വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. വാര്‍ഷികാഘോഷത്തിന്റെ മുന്നോടിയായി രക്ഷിതാക്കള്‍ക്ക് നടത്തിയ ഫുഡ് ഫെസ്റ്റില്‍ വിജയികളായ മുഹ്‌സിന അജ്മല്‍, റസ്ലാന, ജസ്‌ന ഫിറോസ് എന്നിവര്‍ക്കും, പേരിടല്‍ മത്സരത്തില്‍ വിജയിയായ ജസ്‌ന ഫിറോസിനും നഴ്സറി, കെ.ജി, എല്‍.പി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സര വിജയികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ശനിയാഴ്ച നടന്ന വിദ്യാഭ്യാസ സമ്മേളനം നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ.പി.സത്യന്‍ ഉദ്ഘാടനം ചെയ്തു വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ നവാസ് മന്നന്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍മാരായ ബിന്ദു പിലാക്കാട്ട്, ടി.കെ.ഷീന, സി.പ്രഭ ടീച്ചര്‍, പ്രധാന അധ്യാപകരായ സി.ഗോപകുമാര്‍, എം.മോഹന്‍ കുമാര്‍, എം.രാമകൃഷ്ണന്‍, വി.എന്‍.ബാബുരാജ്, സി.എം.ഹംസ തുടങ്ങിയവര്‍ സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് എം.സി.ഷബീര്‍ സ്വാഗതവും പ്രധാന അധ്യാപിക പി.ഹസീബ നന്ദിയും പറഞ്ഞു.
Summary: Naushad Ibrahim at Chanieri Mapila LP School’s annual celebration event