ആരോടും പറയാതെ ഷാർജയിൽ നിന്ന് വിമാനം കയറി, കരിപ്പൂരിറങ്ങിയ ശേഷം അപ്രത്യക്ഷനായി, കാണാതായ പയ്യോളി കീഴൂർ സ്വദേശി പ്രദീഷിനെ മെെസൂരുവിൽ കണ്ടെത്തി; തുണയായത് സിസിടിവി ദൃശ്യങ്ങൾ


Advertisement

പയ്യോളി: ഷാർജയിൽനിന്നും ആരോടും പറയാതെ നാട്ടിലെത്തിയ ശേഷം കാണാതായ പയ്യോളി കീഴൂർ സ്വദേശി പ്രദീഷിനെ കണ്ടെത്തി. മൈസുരുവിൽ വെച്ചാണ് പ്രദീഷിനെ കണ്ടെത്തിയതെന്ന് പയ്യോളി പോലീസ് സ്റ്റേഷനിലെ സി.ഐ കെ സി സുഭാഷ് ബാബു പേരാമ്പ്ര ന്യൂസ് ഡോ‍ട് കോമിനോട് പറഞ്ഞു.

Advertisement

കരിപ്പൂർ വിമാനത്താവളത്തിലെത്തിയ പ്ര​ദീഷ് വീട്ടിലെത്തിയിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷത്തിൽ ഇയാൾ കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും മെെസുരുവിലേക്ക് യാത്ര തിരിച്ചതായി വിവരം ലഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്താൻ കഴിഞ്ഞത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രദീഷിനെ നാട്ടിലെത്തിക്കും.

Advertisement

കുടുംബത്തോടൊപ്പം പ്രദീഷ് ഷാർജയിലാണ്. എന്നാൽ ആരോടും പറയാതെ ഇയാൾ നാടുവിടുകയായിരുന്നു. സപ്തംബർ 22-ന് ഭാര്യ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് പ്രദീഷിനെ കാണാനില്ലെന്ന് മനസിലാകുന്നത്. തുടർന്ന് വിവരം നാട്ടിലെ ബന്ധുക്കളെ വിളിച്ചറിയിച്ചു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 22 ന് രാത്രി 8.25 ന് എയർ ഇന്ത്യ വിമാനത്തിൽ പ്രദീഷ് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയതായി വ്യക്തമാകുന്നത്. എന്നാൽ പ്രദീഷ് വീട്ടിലെത്തിയിരുന്നില്ല.

Advertisement

വിമാനമിറങ്ങിയ പ്രദീഷ് മാസ്കും നീല ഷർട്ടും കറുപ്പ് പാൻറ്സും ധരിച്ച് പോകുന്ന ദൃശ്യങ്ങൾ വിമാനത്താവളത്തിലെ സി.സി ടി.വിയില്‍ പതിഞ്ഞിട്ടുണ്ടായിരുന്നു. പാർക്കിങ് സ്ഥലത്തുകൂടി മാസ്ക് ധരിച്ച് പുറത്തേക്കുപോവുന്നതാണ് കാണുന്നത്. എന്നാൽ ടാക്സി വിളിച്ചാൽ പരമാവധി രണ്ട് മണിക്കൂർ കൊണ്ട് നാട്ടിലെത്താവുന്ന ദൂരമായിട്ടും പ്രദീഷ് എത്തിച്ചേരാത്തതിൽ വീട്ടുകാരും ഷാർജയിലുള്ള പ്രദീഷി​ന്റെ കുടുംബവും ആശങ്കയിലായിരുന്നു. തുടർന്ന് പ്രദീഷിന്റെ അച്ഛൻ കരിപ്പൂർ, പയ്യോളി പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രദീഷിനെ മെെസുരുവിൽ നിന്നും കണ്ടെത്തുന്നത്.

വിമാനത്താവളത്തിൽ നിന്ന് ഇറങ്ങിയ പ്രദീഷ് കോഴിക്കോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻ്റിൽ നിന്ന് മെെസുരുവിലേക്കുള്ള ബസിൽ കയറിയതായി വ്യക്തമായി. സ്റ്റാൻഡിലെ സി സി ടി വി ദൃശ്യങ്ങളിൽ നിന്നാണ് പ്രദീഷ് ബസ്സിൽ കയറുന്നതിനായി നടന്നു പോകുന്നതും മൈസൂരുവിലേക്കുള്ള ബസിൽ കയറിയതായും വ്യക്തമാകുന്നത്. ഈ ദൃശ്യങ്ങളെ പിന്തുടർന്ന് വയനാട്ടിലും മൈസൂരുവിലും നടത്തിയ അന്വേഷണത്തിലാണ് 23 ന് മൈസുരു സെൻട്രൽ ബസ് സ്റ്റാൻ്റിൽ ഇറങ്ങിയതായി മനസിലായത്. തുടർന്ന് മെെസുരുവിലെത്തി അന്വേഷണം തുടരുകയായിരുന്നു. ബന്ധുക്കളുടെ സഹായത്തോടെ നടത്തിയ അന്വേഷത്തിലാണ് പ്രദീഷിനെ കണ്ടെത്താനായത്.

Summary: native of Keezhur, who went missing after reaching Karipur airport from Sharjah, was found in Mysuru